അരുന്ധതി റോയിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

തിങ്കള്‍, 29 നവം‌ബര്‍ 2010 (21:49 IST)
PTI
പ്രശസ്ത സാഹിത്യകാരിയും സാ‍മൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. ഹുറിയത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിക്കെതിരെയും ഡല്‍ഹി പൊലീസ് കേസെടുത്തു. ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 124(എ), 153(എ), 153(ബി), 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹം, സ്പര്‍ദ്ധ വളര്‍ത്തല്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട കുറ്റങ്ങള്‍. ഒക്ടോബര്‍ 21ന് ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ കശ്മീരുമായി ബന്ധപ്പെട്ട് അരുന്ധതി റോയ് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

അരുന്ധതിക്കെതിരെ കേസെടുക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. അതേസമയം, കശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെതിരെയും കേസെടുക്കണമെന്ന് അരുന്ധതി റോയ് പറഞ്ഞു.

കശ്മീര്‍ രാജാവിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് പ്രദേശത്തെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്തിട്ടുള്ളത് എന്നും അവിടുത്തെ ക്രമസമാധാന നില പഴയ രീതിയിലാവുമ്പോള്‍ യുഎന്നിന്‍റെ മേല്‍നോട്ടത്തില്‍ കശ്മീരികള്‍ക്ക് എവിടെ നില്‍ക്കണം എന്ന തീരുമാനം കൈക്കൊള്ളാമെന്നും നെഹ്രു പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍, നെഹ്രുവിനെതിരെ മരണാന്തരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് അരുന്ധതി നിലപാട് സ്വീകരിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക