അമ്പതു പുലികളെ കൊന്ന് ആയിരം പുലിനഖങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച മുന്ന് പേര്‍ അറസ്റ്റില്‍

ചൊവ്വ, 3 ഡിസം‌ബര്‍ 2013 (13:31 IST)
PTI
ആയിരം പുലിനഖവുമായി ഗുരുവായൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാവറട്ടി പറങ്ങനാട് വീട്ടില്‍ രാജന്റെ മകന്‍ അജിത്(43), പാവറട്ടി അമ്പാടി വീട്ടില്‍ പ്രഭാകരന്റെ മകന്‍ പുഷ്പന്‍(49), കൊല്ലം കുണ്ടറ പ്ലാവിള വീട്ടില്‍ ഹനീഫയുടെ മകന്‍ ഹമീദ്(63) എന്നിവരെയാണ് ഫോറസ്റ്റ് ഫ്ളയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

വിദേശ വിപണിയില്‍ കോടികള്‍ വിലമതിക്കുന്നതാണ് ഇവരില്‍ നിന്നും പിടിച്ചെടുത്ത പുലി നഖങ്ങള്‍. അമ്പതു പുലികളെയെങ്കിലും കൊന്നാണ് ഇത്രയും നഖം എടുത്തിരിക്കുന്നതെന്ന് ഡിഎഫ്ഒ എന്‍ രാജേഷ് പറഞ്ഞു. അരക്കോടി രൂപയ്ക്ക് പുലിനഖങ്ങള്‍ ഗുരുവായൂരില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഫ്ളയിങ്സ് സ്ക്വാഡ് ഇവരെ പിടികൂടിയത്.

ഇത്രയേറെ പുലിനഖം ഒന്നിച്ച് പിടികൂടുന്നത് കേരളത്തില്‍ ആദ്യമാണ്. പുലിനഖം സൂക്ഷിക്കുന്നതും വില്‍ക്കുന്നതും കുറഞ്ഞത് ഏഴ് വര്‍ഷം കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്. പിടിച്ചെടുത്തവ കൂടുതല്‍ പരിശോധനയ്ക്ക് ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. ലോക്കറ്റിനും മറ്റുമാണ് പുലിനഖം ഉപയോഗിക്കുന്നത്.

പുലിനഖങ്ങള്‍ കേരളത്തിനു പുറത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതികള്‍ പറയുന്നത്. വാങ്ങാനുള്ളവര്‍ എത്തുംമുമ്പായിരുന്നു അറസ്റ്റ്. പ്രതികളെ ചൊവ്വാഴ്ച വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും.

വെബ്ദുനിയ വായിക്കുക