അനധികൃത സ്വത്തു സമ്പാദനക്കേസ്: ജയലളിതയുടെ ജാമ്യകാലാവധി നീട്ടി

Webdunia
വെള്ളി, 17 ഏപ്രില്‍ 2015 (13:36 IST)
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യകാലാവധി സുപ്രീംകോടതി നീട്ടി നല്കി. അടുത്തമാസം 12 വരെയാണ് ജാമ്യ കാലാവധി നീട്ടി നല്കിയത്. ജാമ്യകാലാവധി കഴിയുന്നതു വരെ കര്‍ണാടക ഹൈക്കോടതി വിധി പറയരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
 
ജയലളിതയുടെ ജാമ്യകാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ട് ജയലളിത സുപ്രീംകോടതിയില്‍ അപേക്ഷ നല്കിയിരുന്നു. പ്രത്യേക കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം നീട്ടി ചോദിക്കുന്നത്.
 
പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹര്‍ജിയില്‍ അടുത്തമാസം 12നകം തീരുമാനമെടുക്കാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ജയലളിതയ്‌ക്ക് എതിരെയുള്ള സ്വത്തുകേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എ ഡി എം കെ നേതാവ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം വിപുലമായ ബെഞ്ചിന്റെ പരിഗണനക്ക് സുപ്രീംകോടതി വിട്ടിരുന്നു.