അധ്യക്ഷ സ്ഥാനം: ഗഡ്കരിയുടെ വഴിമുടക്കാന്‍ യശ്വന്ത് സിന്‍‌ഹ?

ചൊവ്വ, 22 ജനുവരി 2013 (17:40 IST)
PRO
PRO
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നിതിന്‍ ഗഡ്കരി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിന് തടയിടാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കങ്ങള്‍ ശക്തമാക്കുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന ബി ജെ പി നേതാവ് യശ്വന്ത് സിന്‍‌ഹ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി സിന്‍‌ഹയുടെ സഹായി നാമനിര്‍ദ്ദേശപത്രിക വാങ്ങി.

അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ഗഡ്കരി വീണ്ടും അധ്യക്ഷനാകുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ ഇത് പ്രകടമാക്കുകയും ചെയ്തിരുന്നു. സുഷമാ സ്വരാജിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അദ്വാനി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍ എസ് എസിന്റെ ശക്തമായ പിന്തുണ മൂലമാണ് ഗഡ്കരിയെ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചത്.

ഗഡ്കരിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് പാര്‍ട്ടി സസ്പെന്റ് ചെയ്ത രാം ജത് മലാനിയുടെ മകന്‍ മഹേഷ് ജത് മലാനി ഗഡ്കരിയ്ക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ മത്സരിക്കാന്‍ പാര്‍ട്ടി അവസരം നിഷേധിച്ചതായി മഹേഷ് ജത് മലാനി പറഞ്ഞു. തനിക്കു സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയില്ലെന്നു കാണിച്ചാണ് അവസരം നിഷേധിച്ചത്. ഇതു ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗഡ്കരിയുടെ പൂര്‍ത്തി ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികളില്‍ ആദായ നികുതി വകുപ്പ് ചൊവ്വാഴ്ച റെയ്ഡ് നടത്തി. അധ്യക്ഷ സ്ഥാനത്തേക്ക് ഗഡ്കരിയ്ക്ക് രണ്ടാമൂഴം സാധ്യമാകും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റെയ്ഡ് നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മുംബൈയിലെ ഏഴു കേന്ദ്രങ്ങളിലായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണസംഘം ഗഡ്കരിയോട് ഫെബ്രുവരി ഒന്നിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക