അതിർത്തി ഭൂപട വിഷയം: ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

Webdunia
ചൊവ്വ, 17 മെയ് 2016 (20:59 IST)
തെറ്റായ ഇന്ത്യൻ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴയും തടവും ഏർപ്പെടുത്താന്‍ തീരുമാനിച്ച ഇന്ത്യൻ ബില്ലിനെതിരെ അഭിപ്രായം പറഞ്ഞ പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ മറുപടി. ഇന്ത്യയുടെ ആഭ്യന്തര നിയമ നിര്‍മ്മാണപരമായ വിഷയമാണിത്. വിഷയത്തില്‍ പാക്കിസ്ഥാനെന്നല്ല മറ്റാർക്കും ഇടപെടാൻ അധികാരമില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
 
പാക്ക് അധീനകശ്മീരും അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമായല്ലാതെ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചാൽ തടവും പിഴയും ഏർപ്പെടുത്തുന്നതിനുള്ള ബില്ലിനെതിരെയാണ് പാക്കിസ്ഥാൻ രംഗത്തെത്തിയത്. ഇന്ത്യ കൊണ്ടുവന്ന ബില്‍ രാജ്യാന്തര നിയമങ്ങൾക്കെതിരാണെന്നും അത് തടയണമെന്നും യു എന്നിനോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ യു എൻ സെക്രട്ടറി ജനറലിനും യു എൻ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റിനും കത്തയച്ചിച്ചുണ്ടെന്നും വിദേശ ഓഫിസ് അറിയിച്ചു.
 
ഇതോടെയാണ് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയത്. ഇന്ത്യയുടെ നിയമനിർമാണവുമായി ബന്ധപ്പെട്ട കാര്യമാണ് നിലവിലുള്ള ബിൽ. ജമ്മു കശ്മീരിന്റെ മുഴുവൻ ഭാഗവും ഇന്ത്യയുടെ അവിഭാജ്യ ഘടമാണ്. പാക്കിസ്ഥാൻ എന്നല്ല ആർക്കും അതിനെ ചോദ്യം ചെയ്യാൻ സാധിക്കില്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി ഉഭയകക്ഷി ചർച്ചകൾക്കിടെ പരിശോധിക്കാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷേ, പാക്കിസ്ഥാൻ രാജ്യാന്തരതലത്തിലുള്ള ഇടപെടലുകൾ ആവർത്തിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നു- വികാസ് സ്വരൂപ് പറഞ്ഞു. 
 
അതേസമയം, ഗൂഗിൾ പോലുള്ള മാധ്യമങ്ങൾ രാജ്യത്തിന്റെ ഭൂപടം പ്രസിദ്ധീകരിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഇവ ഇടയ്ക്ക് പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. ഇത്തരത്തില്‍ രാജ്യത്തിന്റെ തെറ്റായ ഭൂപടം പ്രസിദ്ധീകരിക്കുന്നത് ഐ ടി ആക്ട് പ്രകാരം നിലവില്‍ കുറ്റകരമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article