അഗസ്റ്റ ഇടപാട്: ആന്‍റണിക്ക് നിരാശപ്പെടേണ്ടിവരില്ലെന്ന് വെങ്കയ്യ നായിഡു

ശനി, 7 മെയ് 2016 (14:25 IST)
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ഏ കെ ആന്‍റണിക്കും കൂടെയുള്ളവര്‍ക്കും നിരാശപ്പെടേണ്ടിവരില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. 3600 കോടി രൂപയുടെ വി വി ഐ പി ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നാണ് ആന്‍റണി പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യും. 
 
ഇക്കാര്യത്തില്‍ ആന്‍റണിക്ക് നിരാശപ്പെടേണ്ടിവരില്ലെന്നും വെങ്കയ്യ നായിഡു തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, അഗസ്റ്റ വെസ്റ്റ്ലാന്‍റ് കമ്പനിയെ ബ്ലാക് ​ലിസ്​റ്റ്​ ചെയ്യാനുള്ള നടപടി ആരംഭിച്ചത് അരുണ്‍ ജെയ്റ്റ്ലി മന്ത്രി ആയ ശേഷമാണെന്നും ആന്‍റണിയുടെ കാലത്തല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ബി ജെ പിയെ തോല്‍പ്പിക്കാന്‍ മഞ്ചേശ്വരത്ത് യു ഡി എഫും എല്‍ ഡി എഫും ഒന്നിച്ചതുപോലെ കേരളത്തിലുടനീളം ഈ ശ്രമം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക