റാഫി: സംഗീതലോകത്തെ ഉസ്താദ്

സംഗീതാസ്വാദക ലക്ഷങ്ങളുടെ വികാരമാണ് ഇന്നും മുഹമ്മദ് റാഫി.സംഗീതത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. പഞ്ചാബില്‍ ജനിച്ച മുഹമ്മദ് റാഫി പതിനാലാം വയസില്‍ ലാഹോറിലെത്തി.

അവിടെ ഉസ്താദ് ഖാന്‍ വഹീദ് അബ്ദുല്‍ഖാന്‍ എന്ന സംഗീതജ്ഞന്‍റെ കീഴില്‍ രണ്ട് വര്‍ഷം സംഗീതമഭ്യസിച്ചു. തുടര്‍ന്ന് ഉസ്താദ് ബഡേ ഗുലാം അലിഖാനില്‍ നിന്ന് സംഗീതത്തിന്‍റെ വിവിധ വശങ്ങള്‍ ഹൃദിസ്ഥമാക്കി.

ലാഹോറിലെ പ്രസിദ്ധ സംഗീത സംവിധായകന്‍ ശ്യാംസുന്ദറാണ് റാഫിക്ക് ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം നല്‍കിയത്. ഗുല്‍ബലോച്ച് എനനേ പഞ്ചാബി ചിത്രത്തില്‍ സീനത്ത് ബീഗത്തോടൊപ്പമായിരുന്നു ആ ഗാനമാലപിച്ചത്.

ഗുലാം ഹൈദര്‍ ഷഹീദ് എന്ന ചിത്രത്തില്‍ പാടിയതോടെ ആ യുവഗായകന്‍ ശ്രദ്ധേയനായി.

ജുഗ്നുവില്‍ നൂര്‍ജഹാനോടൊപ്പം പാടിയ യഹാം ബദ്ലാ വഫാക്കോ... എന്ന ആ ഗാനം റാഫിയുടെ ആദ്യ ഹിറ്റാണ്. പിന്നീടങ്ങോട്ട് ഉയരത്തിലേക്കുള്ള പ്രയാണമായിരുന്നു റാഫിയുടെ സംഗീത ജീവിതം.

സ്വരമാധുരിയില്‍ മറ്റൊല്ലാവരെയും വെല്ലാന്‍ കഴിഞ്ഞ റാഫി ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ ഏറെ കാലം വേണ്ടി വന്നില്ല. റാഫിയുടെ മൂന്നര ദശാബക്കാലത്തെ സംഗീതജീവിതം ഭാഷയുടെയും രാജ്യത്തിന്‍റെയും അതിരുകള്‍ കടന്ന് ലോകമെമ്പാടും വ്യാപിച്ചു.

കിഴക്കനാഫ്രിക്കയില്‍. പിന്നീട് ചൈന, സോവിയറ്റ് യൂണിയന്‍, പാകിസ്ഥാന്‍ എന്നിവ ഒഴികെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലുമെത്തി അദ്ദേഹം പാടി. 1970 മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണ എന്ന തോതില്‍ അദ്ദേഹം വിദേശങ്ങളില്‍ ഗാനമേളകള്‍ നടത്തിവന്നിരുന്നു.

അവാര്‍ഡുകളും ബഹുമതി പത്രങ്ങളും ഒട്ടനവധി അദ്ദേഹം നേടി. നാല് തലമുറയില്‍പ്പെട്ട സംഗീതസംവിധായകരുടെ ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. ശ്യാം സുന്ദര്‍ മുതല്‍ രാജേഷ് റോഷന്‍ വരെ. ദിലീപ് കുമാര്‍ മുതല്‍ ഋഷികപൂര്‍ വരെയുള്ള നായകന്മാര്‍ക്ക് വേണ്ടി വെള്ളിത്തിരയില്‍ റാഫി തന്‍റെ സ്വരം പകര്‍ന്നു.

റാഫിയുടെ സ്വരമാധുരി ഇന്നു സംഗീതാസ്വാദ ഹൃദയങ്ങളില്‍ തേന്‍മഴ ചൊരിയുന്നു.

യേശുദാസിന്‍റെ ഓര്‍മ്മയില്‍ ....

1970 കളുടെ അവസാനമാണ് റാഫിയോടൊപ്പം ഒരു ഗാനം പാടാന്‍ എനിക്ക് ക്ഷണം ലഭിച്ചത്. രവീന്ദ്രജയ്ന്‍ ആയിരുന്നു സംഗീത സംവിധായകന്‍. റിഹേഴ്സല്‍ സമയത്ത് റാഫിയുടെ ഓരോ ചലനവും കൗതുകത്തോടെ ഞാന്‍ നോക്കി നിന്നു. വര്‍ഷങ്ങളായി ഞാന്‍ ആരാധിച്ചുപോന്ന ഗായകന്‍ തോട്ടുമുന്നിലിരിക്കുമ്പോള്‍ എങ്ങനെ ആഹ്ളാദം അടക്കിവയ്കാനാവും.

റിഹേഴ്സല്‍ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അക്കാര്യം ഞാനറിയുന്നത്. ഗാനത്തില്‍ എനിക്ക് പാടാന്‍ വച്ചിരുന്ന ഗാനം മന്നാഡേയെക്കൊണ്ട് പാടിക്കാന്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ചിരിക്കുന്നു. ശബ്ദ സാമ്യം കാരണമാണത്രേ റാഫി സാഹിബിനെയും എന്നെയും ഒരുമിച്ച് പാടിക്കേണ്ടെന്ന് നിശ്ഛയിച്ചത്.

ഒരര്‍ത്ഥത്തില്‍ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. റാഫി സാഹിബിന്‍റെ ശബ്ദവുമായി സാമ്യമുണ്ടാവുക എന്നതുതന്നെ ആഹ്ളാദദായകമല്ലേ?

റാഫി സാഹിബിന്‍റെ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവ തെരഞ്ഞെടുക്കുക എളുപ്പമല്ല. പെട്ടെന്ന് ഓര്‍മ്മയില്‍ എത്തുന്ന, ഏറ്റവും ഹൃദ്യമായ പത്തു ഗാനങ്ങള്‍ ഇതാ.

1. ഇന്‍സാഫ് കാ മന്ദിര്‍ ഹേ (അമര്‍)
2. ഹരി ഓം (ബൈജു ബാവ ര)
3. ഓ ദുനിയാ കേ രേഖ്വാലേ (ബൈജു ബാവ്ര)
4. സിന്ദഗി ഭര്‍നഹിം (ബര്‍സാത് കി രാത്)
5. ജോവാദാ കിയാ വോ (താജ്മഹല്‍)
6. ടുട്ടേ ഹുയേ ഖ്വാബോം (മധുമതി)
7. ചൗദ്വിന്‍ കാ ചാന്ദ് (ചൗദ്വിന്‍ കാ ചന്ദ്)
8. ചാഹുംഗാ മേ തുജേ (ദോസ്തി)
9. മധുബന്‍ മേ രാധികാ (കോഹിനൂര്‍)
10. അഭീനാ ജാവോ (ഹം ദോനോം).

അവാര്‍ഡുകള്‍

മുഹമ്മദ് റാഫിയുടെ 22 ഗാനങ്ങള്‍ ഫിലിംഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ ആറെണ്ണം അവാര്‍ഡ് നേടി.

1960: ചൗദ്വിന്‍ കാചാന്ദ് (ചൗദ് വിന്‍ കാചാന്ദ്)
1961: ഹുസ്നിവാലേ തെരാ ജവാബ് (ഘരാന), തേരി പ്യാരി പ്യാരി സൂരത് (സസുരാല്‍).
1962: ഏ ഗുല്‍ബദന്‍ (പ്രഫസര്‍)
1963: മേരേ മെഹബൂബ് (മേരേ മെഹബൂബ്)
1964: ചാഹൂംഗാ മേ തുജേ (ദോസ്തി)
1965: ഛുലേന ദോ നാസുക് (കാജല്‍)
1966: ബഹാരോം ഫുല്‍ ബര്‍സാവോ (സൂരജ്)
1968: മേഗാവൂം തു സോ ജാവോ (ബ്രഹ്മചാരി), ബാബുല്‍ കി ദുവായോം ലേതി (നീല്‍കമല്‍), ദില്‍കേ ജരോക്കേമേ (ബ്രഹ്മചാരി).
1969: ബഡിമസ്താനിഹേ (ജിനേ കി രാഹ്)
1970: ഖിലോനാ ജാന്‍കര്‍ (ഖിലോന)
1973: ഹംകോ തോ ജാന്‍ സേപ്യാരി (നൈന)
1974: അഛാ ഹി ഹുവാദില്‍ ഗൂട്ട് ഗയാ (മാ ബഹന്‍ ഔര്‍)
1977: പര്‍ദ്ദാ ഹേ പര്‍ദ്ദാ (അമര്‍ അക്ബര്‍ ആന്‍റണി)
1978: ആദ്മി മുസാഹിര്‍ ഹേ (അപ്നാപന്‍)
1979: ചലോര ഡോലി ഉഠാവോ കഹര്‍ (ജാനിദുഷ്മന്‍)
1980: ദര്‍ദേദില്‍ (കര്‍സ്), മേനോ പൂഛാ ചാന്ദ് സേ (അബ്ദുല്ല), മേരേ ദോസ്ത് ഖിസാ (ദോസ്താനി)

ചൗദ്വിന്‍ കാ ചന്ദ്, നസുരാല്‍, ദോസ്തി, സൂരജ്, ബ്രഹ്മചാരി, ഹംകിസിസേ കംനഹി എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കാണ് റാഫിക്ക് അവാര്‍ഡ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക