മദ്ദളവാദനത്തിലെ കുലപതി

Webdunia
WDWD
മദ്ദളവാദനത്തിലെ കുലപതിയായ കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ അരങ്ങൊഴിഞ്ഞതോടെ കഥകളിവാദ്യ പാരമ്പര്യത്തിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. മദ്ദളത്തില്‍ നവീനമായൊരു വാദ്യഭാഷ ഉണ്ടാക്കിയ പൊതുവാള്‍ കുലീനമായൊരു നാദ സംസ്കാരത്തിന്‍റെ സ്രഷ്ടാവാണ്.

വെങ്കിച്ചന്‍ സ്വാമിയുടെ ഉത്തമശിഷ്യനായി കലാമണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ പാരമ്പര്യം തുടര്‍ന്ന അപ്പുക്കുട്ടി പൊതുവാള്‍ അരങ്ങിന്‍റെ ആദ്യവസാന വാദ്യമായ മദ്ദളത്തിന്‍റെ വിശുദ്ധമായ വാദന സംസ്കാരമാണ് 50 ആണ്ടിലേറെ ഉപാസിച്ചതും പരിചയപ്പെടുത്തിയതും.

ഇന്നുള്ള പ്രധാന മദ്ദള വാദകരില്‍ ഏറിയ പങ്കും പൊതുവാളിന്‍റെ ശിഷ്യന്‍‌മാരാണ്. നാരായണന്‍ നമ്പീശന്‍, ശങ്കര വാര്യര്‍, നാരായണന്‍ നായര്‍ ഇവരില്‍ പ്രമുഖര്‍.

കലാമണ്ഡലംകൃഷ്ണന്‍ കുട്ടി പൊതുവാളിനൊപ്പം ഇദ്ദേഹം ഒരുക്കിയ മേളപ്പദം പുതിയൊരു വാദ്യവാദന അനുഭൂതിയാണ് സൃഷ്ടിച്ചത്. മദ്ദളവും ചെണ്ടയും ചേര്‍ന്നുള്ള മേളത്തിന്‍റെ ഹൃദ്യവും ഹൃദയഹാരിയുമായ സര്‍ഗ്ഗാത്മകതയും സജീവതയും ഇവരുടെ കൈകളിലൂടെയും വിരലുകളിലൂടെയും പുറത്തുവന്നു. അങ്ങനെ മേളപ്പദത്തിന്‍റെ ആള്‍‌രൂപങ്ങളായി ഇവര്‍ ഇരുവരും മാറുകയും ചെയ്തു.

മദ്ദളം പൊതുവേ അല്ലെങ്കില്‍ ചെണ്ടയെ അപേക്ഷിച്ച് ലാസ്യാത്മകമായ വാദ്യമാണെങ്കിലും അതില്‍ ഉദ്ധത മേളങ്ങള്‍ ആവിഷ്കരിക്കാന്‍ അപ്പുക്കുട്ടി പൊതുവാളിന് കഴിഞ്ഞു. സ്ത്രീ വേഷങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ മദ്ദള ഭാഷ ഗുണകരമായ പിന്നണിയായിരുന്നു.

അദ്ദേഹത്തിന്‍റെ കൈശുദ്ധിയും സംഗീത ബോധവും ഒപ്പം ആട്ടത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവും അദ്ദേഹത്തെ വെങ്കിച്ചന്‍ സ്വാമിയുടെ യഥാര്‍ത്ഥ ശിഷ്യനാക്കി നിലനിര്‍ത്തി. പതിമൂന്നാം വയസ്സിലാണ് അദ്ദേഹം തിരുവില്വാമല വെങ്കിച്ച ന്‍ സ്വാമിയുടെ ശിഷ്യനായത്.

അപ്പുക്കുട്ടി പൊതുവാളിന്‍റെ മറ്റൊരു പ്രത്യേകത അദ്ദേഹത്തിന് മദ്ദള വാദനത്തിലെ പാരമ്പര്യത്തെ ആധുനിക ആവശ്യങ്ങളുമായി സമന്വയിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്.

കേന്ദ്ര സംഗീത നാടക അക്കാഡമിയുടെയും കേരള സംഗീത നാടക അക്കാഡമിയുടെയും അവാര്‍ഡുകളും കലാമണ്ഡലം ഫെലോഷിപ്പും വിശിഷ്ടാംഗത്വവും ഉണ്ണായി വാര്യര്‍ സമ്മാനം, പട്ടിക്കാം‌തൊടി പുരസ്കാരം, വാഴേങ്കട പുരസ്കാരം, എം.കെ.കെ.നായര്‍ അവാര്‍ഡ്, കൃഷ്ണന്‍ നായര്‍ അവാര്‍ഡ്, പല്ലാവൂര്‍ അവാര്‍ഡ് എന്നിങ്ങനെ ഒട്ടേറെ ബഹുമതികള്‍ പൊതുവാള്‍ക്ക് ലഭിച്ചിട്ടുണ്ട്.

വാനപ്രസ്ഥം എന്ന സിനിമയിലും മേളപ്പദം എന്ന സീരിയലിലും അഭിനയിച്ചു.