പെരുവനത്തിന്‍റെ ഹൃദയ മേളം

WDWD
തുലാമഴയുടെ മേളപ്പെരുക്കം കഴിയാനായി കാത്തു നില്‍ക്കും പെരുവനംകാര്‍. വൃശ്ചികം തുടങ്ങുന്നതോടെ നാട്ടുകാരിലും ഈ പൂരത്തിന്‍റെ മേളം തുടങ്ങുകയായി. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലും മദ്ദളവും ഇവിടെ ഒരു ചെറുപൂരത്തിന് തുടക്കമാവുകയാണ്.

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ്വരനു മുന്നില്‍ നവംബര്‍ 21ന് തുടക്കം കുറിക്കുന്ന മേളത്തിന്‍റെ മുഴക്കം അവസാനിക്കുന്നതാവട്ടെ അടുത്ത മേയില്‍ ഇരിങ്ങാലക്കുട സംഗമേശ്വര ക്ഷേത്രത്തില്‍.

ഏഴ് ആനകള്‍ അണിനിരക്കുന്ന പെരുവനം മഹാദേവ ക്ഷേത്ര മൈതാനത്ത് ഇരട്ടിയപ്പന്‍റെ മുന്നില്‍ പെരുവനംകാര്‍ മേളം പരിശീലിക്കുന്നു. 30 പേര്‍ അണിനിരക്കുന്ന മേളക്കാരില്‍ പത്തു വയസ്സുകാരന്‍ മുതല്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ വരെയുണ്ട്.

കിഴക്ക് കതിരാന്‍ മലശാസ്താവ്, പടിഞ്ഞാറ് എടുത്തുരുത്തി ശാസ്താവ്, തെക്ക് ഈഴത്തുമല ശാസ്താവ്, വടക്ക്് അങ്കമല ശാസ്താവ് - നാലു ശാസ്താ ക്ഷേത്രങ്ങള്‍ അതിരു കാക്കുന്ന പെരുവനം ദേശത്തിന്‍റെ പൂരത്തിന് 1500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഴമക്കാര്‍ കരുതുന്നു.

പരശുരാമ സൃഷ്ടിയായ 64 ഗ്രാമങ്ങളില്‍ പ്രഥമ സ്ഥാനം പെരുവനത്തിനാണ്. ഇവിടത്തെ ഇരട്ടയപ്പന് അടിയന്തിരം കൊട്ടിയാണ് പെരുവനംകാര്‍ മേളം പഠിച്ചു തുടങ്ങുന്നത്. എല്ലാ മീനത്തിലും 18 ദേവന്മാര്‍ പൂരവുമായെത്തും. 300 മേളക്കാര്‍ വൈകിട്ട് ആറിന് തുടങ്ങി കാലത്ത് ആറിന് മേളം അവസാനിപ്പിക്കുന്നു. ചാത്തക്കുടം, ഊരകം, ആറാട്ടുപുഴ, ചേര്‍പ്പ് തുടങ്ങിയ ക്ഷേത്രങ്ങളാണ് പ്രധാനികള്‍.

മഴക്കാലത്താണ് ഉത്സവ നാളുകളിലെ ക്ഷീണം തീര്‍ക്കുന്നതും ചെണ്ടയുടെ കേടുപാടുകള്‍ പോക്കുന്നതും പരിശീലനം നടത്തുന്നതും. ഇന്ന് പെരുവനം ദേശത്തെ മേളപ്പദങ്ങള്‍ വിദേശത്ത് വരെ മുഴങ്ങിക്കഴിഞ്ഞു.

സംഗീതനാടക അക്കാദമി, ഗുരുവായൂരപ്പന്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ വാങ്ങി കൂട്ടിയ കുട്ടന്‍ മാരാരാണ് മേള പ്രമാണി. കുട്ടന്‍ മാരാരുടെ പിതാവായ അപ്പുമാരാരുടെ പേരില്‍ ഒരു വാദ്യകലാപീഠവും സ്ഥാപിച്ചിരിക്കുന്നു പെരുവനത്ത്.

മാരാന്മാര്‍ അരങ്ങുവാണിരുന്ന അസുരവാദ്യത്തില്‍ അവരുടെ കുത്തക തകര്‍ത്ത് , ഇന്ന് നമ്പൂതിരിയും പൊതുവാളും നായരും പിഷാരടിയും ഈഴവനുമെല്ലാം മേളതാളം ഹൃദിസ്ഥമാക്കുന്നു. എങ്കിലും പെരുവനം കാരുറ്റെ മേലം ഒന്നു വേറെ തന്നെയാണ്

വെബ്ദുനിയ വായിക്കുക