ശാസ്ത്രീയ സംഗീതവേദികളിലെ സ്ഥിരം ശ്രോതാവ്, കിഷോര്‍ കുമാറിന്റെ ഭ്രാന്തനായ ആരാധകന്. എ.ആര്. റഹ്മാന്റെ വിശ്വസ്ത പാട്ടുകാരനായി ഉയരാന്‍ ശ്രീനിവാസനെ സഹായിച്ചത് കുട്ടിക്കാലം മുതലേയുള്ള കര്‍ണാടക സംഗീത ഭ്രമവും, പാട്ടുകാരോടുള്ള അകമഴിഞ്ഞ ആരാധനയുമാണ്. തൊഴില്‍ കൊണ്ട് കെമിക്കല്‍ എഞ്ചീനിയറായ ശ്രീനിവാസ് മനസുകൊണ്ടും ആത്മാവ് കൊണ്ടും പാട്ടുകാരനാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പഠിച്ചപ്പോഴാണ് ഒരു പാട്ടുകാരനായി ശ്രീനിവാസ് സ്വയം അവരോധിച്ചത്. അതിനുമുമ്പ് കുട്ടിക്കാലത്ത് തിരുവനന്തപുരത്ത് നടക്കുന്ന കച്ചേരികളിലെല്ലാം ശ്രീനിവാസന്റെ സാന്നിധ്യമുണ്ടായിരുന്നു.
അവിടെ നിന്നും തുടങ്ങിയ സംഗീതസൗഹൃദം അമ്മായി പത്മനാരായണനില് നിന്ന് പഠനം തുടങ്ങുന്നതിലൂടെ വളര്‍ന്നു. "ബ്ളൂബാന്ഡ്' എന്ന ഗായകസംഘത്തില്‍ കോളജില്‍ പഠിക്കുമ്പോള്‍ അംഗമായ ശ്രീനിവാസനൊപ്പം അന്ന് പാടിയത് കെ.എസ്. ചിത്രയും, വേണുഗോപാലും, സംവിധായകന് ടി.കെ. രാജീവ്കുമാറുമാണ്.
പഠനാനന്തരം ടെക്സ്റ്റൈല്‍ ഡൈ ടെക്നോളജിസ്റ്റായി ഹൈദരാബാദ്, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലെത്തിയ ശ്രീനിവാസ് സംഗീതം ഉപേക്ഷിച്ചില്ല. പക്ഷേ റോസാദളങ്ങള്‍ വിരിച്ച പാതയല്ല സംഗീതലോകമെന്ന് താമസിയാതെ ശ്രീനിവാസ് തിരിച്ചറിഞ്ഞു.
ചിലരുടെ കുത്തകയായിരുന്നു "പാടുക' എന്ന കര്‍മ്മം.അവിടെ അടുക്കാന്‍ പുതുമുഖങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ആ കുത്തകകള്‍ പൊളിക്കാന്‍ തക്ക സുഹൃത്വലയങ്ങള്‍ അക്കാലത്ത് ശ്രീനിവാസനുണ്ടായിരുന്നില്ലതാനും. അപ്പോഴാണ് റോജ സിനിമ കാണുന്നത്.
അതിലെ എ.ആര്. റഹ്മാന്റെ കാതിനിമ്പം പകരുന്ന ഈണങ്ങള്‍ ശ്രീനിവാസന്റെ വഴി തിരിച്ചുവിട്ടു. ഇളയരാജയുയുമായി ബന്ധപ്പെടാന്‍ അവസരം കിട്ടാതിരുന്ന ശ്രീനിവാസന് റഹ്മാനോട് സൗഹൃദം പുലര്‍ത്തുക പ്രയാസമായില്ല. റഹ്മാന് ശ്രീനിവാസന്റെ ഉള്ളിലെ ഗായകനെ തിരിച്ചറിഞ്ഞു.
രജനീകാന്തിനു വേണ്ടി പടയപ്പയിലെ മിനസാ ര പൂവേ എന്ന ഗാനമാണ് ശ്രീനിവാസ് ആദ്യം പാടി യത്. ട്രാക്ക് പാടുകയായിരുന്നു വാസ്തവത്തില്‍ ഹരിഹരനു വേണ്ടി.എന്നാല്‍ രജനി ട്രാക്കു തന്നെ മതിയെന്നു നിര്‍ദേശിക്കുകയായിരുന്നു. ആ പാട്ടിന് തമിഴ്നാടിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അക്കൊല്ലം ശ്രീനിവാസ് നേടി.
1994ല്‍ ശ്രീനിവാസ് നമ്മവറിനു വേണ്ടി പാടി. ഇതിനിടെ ഉസ്ലേ ഉസ്ലേ, പാര്‍വെ എന്നീ ആല്‍ബങ്ങളും പുറത്തിറക്കി. 1996ല്‍ മിന്‍സാര കനവിലെ "ഊഹ് ല ല ല' എന്ന ഗാനം ഹിറ്റായതോടെ തൊഴിലുപേക്ഷിച്ച് മുഴുവന്‍ സമയ ഗായകനാവാന് ശ്രീനിവാസ് തീരുമാനിച്ചു.
ശ്രീനിവാസിന്റെ തീരുമാനം തെറ്റിയില്ല. കിട്ടിയ പുരസ്കാരങ്ങളാണ് അതിന്റെ സാക്ഷ്യം. 2000ല്‍ താജ്മഹേലിനും , 2002ല്‍ റോജക്കൂട്ടത്തിനും സിനിമ എക്സ്പ്രസ് അവാര്‍ഡ് ലഭിച്ചു. ദില്‍ ചാഹ്തെ ഹെയില്‍ ശങ്കര്‍ മഹാദേവന് ഒരു പാട്ടുനല്‍കി. ഹിന്ദിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, പാടാനും ജാവേദ് അക്തര്‍ പറയുന്നു. ഒരു ഗായകന് ആനന്ദലബワിക്ക് ഇതില്‍ കൂടുതല്‍ എന്തു വേണം.
സീതാകല്യാണത്തില്‍ ആറു ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിക്കുകയാണ് . തമിഴില്‍ പാറിച്ച വെന്നിക്കൊടി മലയാളത്തിലും പറത്താന്‍ ശ്രമിക്കുകയാണ് ശ്രീനിവാസ്. ജിം ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി വാജ്പേയി രചിച്ച "ഗീത് നയാ ഗാതാ ഹൂം' എന്ന കവിത പാടിയത് ജീവിതത്തിലെ അവിസ്മരണീയ നിമിഷമെന്ന് ശ്രീനിവാസ് കരുതുന്നു. വാര്‍മഴവില്ലേ, ഏഴഴകില്ലേ എന്ന മിഴിരണ്ടിലെ ഗാനം ഈ ഗായകനെ കൂടുതല്‍ ശ്രദ്ധി ക്കാന്‍ ഇടയാക്കുമെന്ന് തീര്‍ച്ച.
പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയും ജാവേദ് അക്തറുമായി ചേര്‍ന്ന് കാശ്മീരി നെപ്പറ്റി ഒരുക്കുന്ന സംഗീത ആല്‍ബത്തില്‍ ശ്രീനിവാസാണ് പാടുന്നത്. ഗസലുകളി ഷ്ടപ്പെടുന്ന, ഫാസ്റ്റ്, മസാല നമ്പറുകള്‍ പാടാന്‍ ഇഷ്ടപ്പെടാത്ത ശ്രീനിവാസ് അവസരങ്ങള്‍ക്കായി കാത്തിരിക്കുകയല്ല. അവസരങ്ങള്‍ ശ്രീനിവാസനെത്തേടിയെത്തുകയാണ്.