പ്രകൃതിയെ തൊട്ട് ജഡായുപ്പാറ

Webdunia
പ്രകൃതിയുടെ സാമീപ്യം തൊട്ടറിഞ്ഞുകൊണ്ടുള്ള വിനോദസഞ്ചാരമാണ് ജടായു പാറയുടെ മുഖ്യ ആകര്‍ഷണം.

കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജടായു പാറ തലയുയര്‍ത്തി നില്‍ക്കുന്നത്. എം.സി.റോഡില്‍ കൊട്ടാരക്കര നിന്ന് തിരുവനന്തപുരത്തേക്ക് പോകും വഴി വലതു വശത്തായി ഈ സൗന്ദര്യ സങ്കേതം കാണാം.

സംസ്ഥാന ടൂറിസം വികസന പദ്ധതിയില്‍ ഇപ്പോള്‍ ജ-ടായു പാറയ്ക്കും ഇടംകിട്ടിയിരിക്കുന്നു. ജില്ലയില്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമായി മാറ്റും വിധം രണ്ടരക്കോടിരൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

രമകഥയുടെമായി ഈ പാറയ്ക്ക് ഐതിഹ്യ ബന്ധമുണ്ട്. സീതയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ തടയാന്‍ ചെന്ന ജടായു എന്ന പക്ഷി ശ്രേഷ്ഠന്‍ രാവണന്‍റെ ചന്ദ്രഹാസം ഏറ്റ് നിലംപതിച്ചത് ഇവിടെ ആയിരുന്നു എന്നാണ് വിശ്വാസം.

കാലാന്തരത്തില്‍ ജഡായു പാറയുള്ള ജടായുമംഗലം ചടയമംഗലമായി മാറി. പാറയുടെ മുകളില്‍ കയറിയാല്‍ നയനാന്ദമായ കാഴ്ചയാണ്. ഭക്തിയുമായാണ് മലകയറുന്നതെങ്കില്‍ അവര്‍ക്ക് ആശ്വാസത്തിനായി മുകളില്‍ ഒരു ശ്രീരാമ പ്രതിഷ് ഠയുണ്ട്.

നട്ടുച്ചയ്ക്കും ഇവിടെ കുളിര്‍കാറ്റു വീശുന്നു എന്നത് മറ്റൊരു സവിശേഷത. രാമപാദം പതിഞ്ഞു എന്നു വിശ്വസിക്കുന്ന ഈ മലമുകളില്‍ ഒരിക്കലും വറ്റാത്ത ഒരു നീരുറവയുണ്ട്.

ഏതു കൊടും വേനലിലും ഇതിലെ വെള്ളം തണുത്തുതന്നെ ഇരിക്കുന്നതും ഭക്തരുടെ വിശ്വാസത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ശിലാ സൗന്ദര്യം കൊണ്ട് സന്ദര്‍ശകരേയും സഞ്ചാരികളേയും ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് ലക്‍ഷ്യമിടുന്നത്.

ശിലാ മ്യൂസിയം, സാഹസിക മലകയറ്റ വിനോദങ്ങള്‍. ഗുഹായാത്രകള്‍ എന്നിവയ്ക്ക് പുറമേ മലകയറുന്ന വഴിക്കെല്ലാം ശില്‍പങ്ങള്‍ കൊത്തിവയ്ക്കാനും പാറകളില്‍ ചുമര്‍ ചിത്രങ്ങളും ശില്‍പങ്ങളും കൊത്തിവയ്ക്കാനും ഉദ്ദേശിക്കുന്നുണ്ട്.

രാമായണത്തിലേയും ജഡായുവിന്‍റെ ജീവിതത്തിലേയും പ്രധാന സംഭവങ്ങള്‍ കൊത്തിവച്ച് ഭക്ത ജ-നത്തെ ആകര്‍ഷിക്കാനും ഉദ്ദേശമുണ്ട്. ഏകദിന പിക്നിക്കിന് പറ്റിയ ജില്ലയിലെ ഏകസ്ഥലം ജടായു പാറയാക്കി മാറ്റും.

ചടയമംഗലത്തു നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള കോട്ടുക്കല്‍ ഗുഹാക്ഷേത്രം, വട്ടത്തില്‍ തങ്ങള്‍ വെള്ളച്ചാട്ടം എന്നിവയും വിനോദ സഞ്ചാരികളെ ഹഠാകര്‍ഷിക്കും എന്നത് ഉറപ്പ്.