കണ്ണാന്തളി പൂക്കളെ തേടിപ്പോയ കവി

Webdunia
കണ്ണാന്തളിപ്പൂക്കളെത്തേടി കുന്നിന്‍ചരിവിലേക്ക് കണ്ണുംനട്ടിരിക്കാന്‍ ആര്‍. രാമചന്ദ്രന്‍ ല്ലാതായിട്ട് 3 വര്‍ഷം കഴിഞ്ഞു.

സുഹൃത്തുക്കളെയും കവിതാ വായനക്കാരെയും നിത്യ ദുഃഖത്തിന്‍റെ നിഴലില്‍ നിര്‍ത്തി 2005 ഓഗസ്റ്റ് മൂന്നിനാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ യാത്രയായത്

വളരെക്കുറച്ചേ എഴുതിയിട്ടുള്ളൂ. പുറത്തേക്കു നടക്കുന്നതിനേക്കാളധികം അകത്തേക്കു നടന്നു. നീണ്ടനാള്‍ കവിതയെഴുതാതെയും ഇരുന്നു. ജീവിതത്തിലേതുപോലെ ഒച്ചയുണ്ടാക്കാതെ മരണത്തിലേക്ക് നടന്നുപോയി.

കണ്ണുകള്‍ കൊതിച്ചു പോവും കണ്ണാന്തളിപ്പൂവുകള്‍
കരളൊരു പൂക്കളമായ എന്‍റെ കൊച്ചനുജത്തിയുടെ കണ്ണുകളെന്ന്

രാമചന്ദ്രന്‍ എഴുതിയിട്ടുണ്ട്. ശൂന്യതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന കവി ആ കവിതയില്‍ എപ്പോഴുമുണ്ട്. സ്വച്ഛന്ദമായ ആ ഒഴുക്കിലാണ് രാമചന്ദ്രന്‍മാസ്റ്ററുടെ കവിത.

തൃശൂരിലെ താമരത്തുരുത്തിയില്‍ 1923ല്‍ ജനിച്ച രാമചന്ദ്രന്‍ മലയാളത്തില്‍ എം.എ. ബിരുദമെടുത്ത് വിവിധ കോളജുകളില്‍ അധ്യാപകനായി. കോഴിക്കോട്മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വര്‍ഷങ്ങളോളം അധ്യാപകനായിരുന്നു. ഇംഗ്ളീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാലം ക്ളാസ്സുകളെടുത്തു.

കോഴിക്കോട് തളിയില്‍ സ്ഥിരതാമസമാക്കിയ രാമചന്ദ്രന്‍ സാത്വികനായി ജീവിച്ചു. കോലായ സംവാദങ്ങളിലും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലിലും മിതമായി സംസാരിച്ചു. ആ മിതത്വം കവിതയിലും പകര്‍ന്നു.