ഉറൂബ്: ലാളിത്യത്തോടൊപ്പം ദാര്‍ശനികതയും

Webdunia
ലളിതമായ ശൈലിയും ഭാഷയും കൊണ്ട് മലയാള സാഹിത്യത്തില്‍ മറക്കാനാവാത്ത രചനകള്‍ സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഉറൂബ്. ഓരോ കൃതിക്കും വ്യത്യസ്തമായ ജീവിത പശ്ഛാത്തലമൊരുക്കിയ ഉറൂബ് നൂതനമായ ജീവിത ദര്‍ശനങ്ങളിലേക്ക് വഴിതുറന്നു.

ഉറൂബിന്‍റെ ചരമവാര്‍ഷികമാണ് ജൂലൈ പത്ത്.1979 ജൂലൈ 10 ന് ഉറൂബ് അന്തരിച്ചു.

പി.സി. കുട്ടികൃഷ്ണന്‍ എന്നാണ് ഉറൂബിന്‍റെ യഥാര്‍ത്ഥ പേര്. 1915 ഓഗസ്റ്റ് 15ന് പൊന്നാനിയിലെ കടവനാടാണ് പി.സി. കുട്ടികൃഷ്ണന്‍ ജനിച്ചത്. പൊന്നാനി സാഹിത്യ തറവാട്ടിലെ മുന്‍ നിരയിലാണ് പി.സി. കുട്ടികൃഷ്ണന്‍.

അധ്യാപകന്‍, പ്രസ് ഉദ്യോഗസ്ഥന്‍, ക്ളാര്‍ക്ക് എന്നീ ജോലികള്‍ വഹിച്ച ശേഷം മംഗളോദയത്തില്‍ പത്രാധിപ സമിതി അംഗമായി. 1950 ലാണ് ആകാശവാണിയിലെ ഉദ്യോഗസ്ഥനാകുന്നത്. 1952 മുതല്‍ ഉറൂബ് എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങി.

കുങ്കുമം, മലയാള മനോരമ എന്നീ വാരികകളുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുള്ള ഉറൂബ് കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടായിരുന്നു. നോവല്‍, ചെറുകഥ, കവിത ബാലസാഹിത്യം തുടങ്ങി വിവിധ ശാഖകളിലായി 25-ലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.


ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, ഗോപാലന്‍നായരുടെ താടി, പിറന്നാള്‍, ഉള്ളവരും ഇല്ലാത്തവരും, കുഞ്ഞമ്മയും കൂട്ടുകാരും, ബാലസാഹിത്യ കൃതികള്‍, അമ്മിണി, തീ കൊണ്ട് കളിക്കരുത്, മിണ്ടാപ്പെണ്ണ്, തുറന്നിട്ട ജാലകം, ആമിന, അണിയറ എന്നിവയാണ് പ്രധാന കൃതികള്‍.

തീ കൊണ്ടു കളിക്കരുത് എന്ന കൃതിക്ക് കേന്ദ്ര കലാസമിതി അവാര്‍ഡ്, ഉമ്മാച്ചുവിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ സമ്മാനം, ആശാന്‍ ജന്മശതാബ്ദി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

ഉമ്മാച്ചു, അണിയറ, നായരുപിടിച്ച പുലിവാല് എന്നീ കൃതികള്‍ സിനിമയായിട്ടുണ്ട്. ഉറൂബ് കഥയെഴുതിയ നീലക്കുയില്‍ എന്ന സിനിമ മികച്ച മലയാള ചിത്രത്തിനുള്ള പ്രസിഡണ്ടിന്‍റെ വെള്ളിമെഡല്‍ കരസ്ഥമാക്കി.