പാശ്ചാത്യ യുക്തി കൊണ്ട് നമ്മള്‍ മിത്തിനെ അളക്കുന്നു

FILEFILE
1 മികച്ച മിത്ത് പാരമ്പര്യമുള്ള ഭാരതത്തില്‍ നിന്ന് എന്തു കൊണ്ട് ഹാരി പോട്ടര്‍ പോലെയുള്ള ഏവര്‍ക്കും രസിക്കാവുന്ന കൃതികള്‍ ഉണ്ടാകുന്നില്ല?

കടമെടുത്ത പാശ്ചാത്യ യുക്തി കൊണ്ട് നമ്മള്‍ മിത്തിനെ അളക്കുന്നു. അതു തന്നെ പ്രധാന കാരണം

2.ശരണ്‍ കുമാര്‍ ലിംബാലെയുടെ അക്കര്‍മാശി പോലെയുള്ള രചനകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല. കേരളത്തിലെ ദളിതര്‍ക്ക് തീക്ഷ്ണ അനുഭവങ്ങള്‍ ഇല്ലാത്തതാണോ ഇതിന് കാരണം?

. ശരണ്‍കുമാര്‍ ലിംബാലെയുടെ അക്കര്‍മാശി മികച്ച രചനയാണെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയിലെ എല്ലാ ദളിതരുടെയും അവസ്ഥയേയും ഒരു പോലെ കാണരുത്. മഹാരാഷ്‌ട്ര,ബീഹാര്‍ എന്നിവിടങ്ങളിലുള്ള ദളിതരെ അപേക്ഷിച്ച് കേരളത്തിലെ ദളിതരുടെ അവസ്ഥ വളരെ മികച്ചതാണ്.

പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നേറ്റം കേരളത്തിലെ ദളിതരുടെ ജീവിതത്തെ വളരെയധികം മാറ്റി മറിച്ചിട്ടുണ്ട്. കണ്ടല്‍ പൊക്കുടന്‍റെ രചനകള്‍ പോലെയുള്ളവ ഉണ്ടായാല്‍ അവ ദളിത് സാഹിത്യത്തിന് വളരെ ഗുണം ചെയ്യും.

3.അര നൂറ്റാണ്ട് മുമ്പ് എം.ടി. വാസുദേവന്‍ നായര്‍ മലയാളത്തില്‍ അവതരിപ്പിച്ച അതേ തന്ത്രമാണ് അരനൂറ്റാണ്ടിനിപ്പുറം ഉത്തരാധുനിക കാലത്തെ കഥാകൃത്തായ സുഭാഷ് ചന്ദ്രന്‍ തല്‍പ്പമെന്ന കഥാസമാഹാരത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് താങ്കള്‍ ഇന്ത്യാടുഡേയിലെഴുതിയ വിമര്‍ശനത്തിലൂടെ വ്യക്തമാക്കി. പുതു തലമുറയില്‍ തന്നെ മികച്ച കഥാകൃത്തായ സുഭാഷ്‌ചന്ദ്രന്‍റെ ദൌര്‍ബല്യമല്ലേയിത്?

തീര്‍ച്ചയായും. ഞാന്‍ എന്‍റെ വിമര്‍ശനത്തിലത് കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്.ഒരു വ്യക്തിയുടെ വൈകാരികതയ്ക്ക് പ്രാധാന്യം നല്‍കി എം.ടി അവലംബിച്ച കഥാ തന്ത്രമാണ് സുഭാഷ് ചന്ദ്രന്‍ തല്‍പ്പത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മൌലികമായ കഥാ തന്ത്രം സുഭാഷ് അവലംബിക്കേണ്ടിയിരുന്നു.

4.തല്‍പ്പത്തിലെ മറ്റൊരു കഥയായ ഗുപ്തമെന്ന കഥയുടെ രചന വിശദമായി പറയേണ്ട പലതും വിഷ്വലുകളിലായി മാറ്റുമ്പോള്‍ നന്നായി ഒതുക്കിയെടുക്കാം എന്നൊരു പാഠം തന്നെ പഠിപ്പിച്ചുവെന്ന് പറയുന്നുണ്ട്. ഇതിനെ താങ്കള്‍ വിമര്‍ശിച്ചിട്ടുമുണ്ട്. ഇതിനെക്കുറിച്ച്?

പരത്തി പറയുന്നതിനു പകരം ബിംബങ്ങള്‍ ഉപയോഗിക്കുകയെന്ന തന്ത്രം ദശകങ്ങളിലായി കവിതയിലും, ചെറുകഥയിലും ഉള്ളതാണ്. ഇത് സുഭാഷ് ചന്ദ്രന് ഇപ്പോഴാണ് മനസ്സിലായതെന്ന് പറയുമ്പോള്‍ അദ്ഭുതം തോന്നുന്നു.

5.മലയാള സാഹിത്യം ഇപ്പോഴും നാലുക്കെട്ട്,മുറപ്പെണ്ണ് എന്നിവയില്‍ ചുറ്റി തിരിയുകയാണെന്ന് ആനന്ദ് അഭിപ്രായപ്പെടുകയുണ്ടായി?.

ചുറ്റി തിരിഞ്ഞോട്ടെ. അങ്ങനെ ചുറ്റി തിരിഞ്ഞതു കൊണ്ട് ആനന്ദിന് മലയാളത്തില്‍ ആരാധകര്‍ ഇല്ലാതെയിരുന്നിട്ടുണ്ടോ?.

6. നോബല്‍ സമ്മാനം ലഭിക്കാന്‍ യോഗ്യതയുള്ള രചനകളൊന്നും മലയാളത്തില്‍ ഇല്ലായെന്ന് എം.കൃഷ്ണന്‍നായര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അഭിപ്രായം?

നിങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ട കാര്യം നോബല്‍ സമ്മാനം ലഭിച്ചുവെന്ന് വെച്ച് ഒരു സാഹിത്യ കൃതി മികച്ചതാവണമെന്നില്ല. ബോര്‍ഹസിനും,യോസക്കുമൊന്നും നോബല്‍ സമ്മാനം ലഭിച്ചിട്ടില്ല. മൂല കൃതികളുടെ സ്പാനിഷ്,ഫ്രഞ്ച്,ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ് പ്രധാനമായും നോബല്‍ സമ്മാനത്തിന് പരിഗണിക്കുന്നത്. മലയാളം കൃതികള്‍ക്ക് കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.


വെബ്ദുനിയ വായിക്കുക