ആ ആലപ്പുഴ ജില്ലാ കലക്‌ടര്‍ പിന്നീട് മമ്മൂട്ടിയായി!

Webdunia
ശനി, 13 മെയ് 2017 (14:14 IST)
ഒരു യഥാര്‍ത്ഥ വ്യക്തിയെ അടിസ്ഥാനമാക്കി സിനിമ ചെയ്യുന്നത് സംവിധായകനും തിരക്കഥാകൃത്തിനും ആ വ്യക്തിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമാകുന്ന താരത്തിനും ഒരുപോലെ വെല്ലുവിളിയാണ്. എന്നാല്‍ അത്തരം വെല്ലുവിളികള്‍ പലതവണ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി.
 
1995ല്‍ അത് സംഭവിച്ചു - ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ കഥയുമായി ‘ദി കിംഗ്’.
 
മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയരാഘവനും രാജന്‍ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ സുരേഷ്ഗോപി അതിഥിതാരമായെത്തി.
 
“കളി എന്നോടും വേണ്ട സാര്‍. ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ഒരെല്ല് കൂടുതലാണെനിക്ക്” - എന്ന് മന്ത്രിപുംഗവന്‍റെ മുഖത്തടിക്കുന്നതുപോലെ ആക്രോശിച്ചുകൊണ്ട് ജോസഫ് അലക്സ് തകര്‍ത്താടി. ഷാജി കൈലാസിന്‍റെ ഫ്രെയിം മാജിക്കിന്‍റെ പരകോടിയായിരുന്നു ദി കിംഗ്. 
 
“സാധാരണക്കാരെപ്പോലെ ലുങ്കിയുടുത്തു നിരത്തിലേക്കിറങ്ങി പല കാര്യങ്ങളും ചെയ്‌തിരുന്ന അന്നത്തെ ആലപ്പുഴ ജില്ലാ കലക്‌ടറാണ്‌ കിംഗിന്‍റെ പ്രചോദനം. ആലപ്പുഴ കലക്‌ടര്‍ കൊള്ളാമല്ലോ എന്ന തോന്നലാണ്‌ എന്തുകൊണ്ട്‌ ഒരു കലക്‌ടറെ നായകനാക്കി സിനിമ ചെയ്‌തുകൂടാ എന്നു ചിന്തിപ്പിച്ചത്‌. കലക്‌ടര്‍ ബ്യൂറോക്രാറ്റാണ്‌. ബ്യൂറോക്രാറ്റും പൊളിറ്റിക്‌സും തമ്മില്‍ പ്രശ്‌നമാകില്ലേ എന്നൊരു ശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. തന്‍റെ പവര്‍ എന്തെന്നറിഞ്ഞ്‌ അതിനനുസരിച്ചു പ്രവര്‍ത്തിച്ചത് ടി എന്‍ ശേഷനാണ്‌. അതുപോലെയാണ്‌ കിംഗിലെ കലക്‌ടര്‍ ചെയ്‌തത്‌. ഇതുപോലെ പലരും തങ്ങളുടെ പവര്‍ കാണിച്ചിരുന്നെങ്കില്‍ ഈ രാജ്യത്തെ അക്രമവും അഴിമതിയും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു” - ഷാജി കൈലാസ് പറയുന്നു.
 
മമ്മൂട്ടിയുടെയും ഷാജി കൈലാസിന്‍റെയും രണ്‍ജി പണിക്കരുടെയും കരിയറിലെ നാഴികക്കല്ലായിരുന്നു ദി കിംഗ്. രണ്ടരക്കോടി രൂപ മുടക്കി നിര്‍മ്മിച്ച കിംഗ് മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി. പല പ്രമുഖ കേന്ദ്രങ്ങളിലും ചിത്രം 200 ദിനങ്ങള്‍ പിന്നിട്ടു.
 
വര്‍ഷങ്ങള്‍ക്ക് ശേഷം ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിലൂടെ ജോസഫ് അലക്സ് തിരിച്ചെത്തിയെങ്കിലും പഴയതുപോലെ മികച്ച സ്വീകരണം ആ ചിത്രത്തിന് ലഭിച്ചില്ല. 
Next Article