സിനിമ പ്രദർശിപ്പിക്കണമെങ്കിൽ ദേശീയ ഗാനവും പതാകയും നീക്കണമെന്ന് പാകിസ്ഥാൻ; റിലീസ് ചെയ്യുന്നില്ലെന്ന് ആമിർ ഖാൻ

നിഹാരിക കെ.എസ്

ശനി, 14 ജൂണ്‍ 2025 (10:22 IST)
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ദംഗൽ. വൻ ലാഭമുണ്ടാക്കിയ സിനിമ. 70 കോടി ബജറ്റില്‍ ഒരുങ്ങിയ ചത്രം ആഗോള ബോക്സ്ഓഫീസിൽ നേടിയത് 2000 കോടിയാണ്. ആമിർ ഖാൻ ആയിരുന്നു നായകൻ. 2016ല്‍ ആണ് ദംഗല്‍ തിയേറ്ററുകളിലെത്തുന്നത്. ആഗോളതലത്തില്‍ റിലീസ് ചെയ്‌തെങ്കിലും സിനിമ പാകിസ്ഥാനില്‍ മാത്രം റിലീസ് ചെയ്തിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആമിര്‍ ഖാന്‍.
 
പാകിസ്ഥാനില്‍ സിനിമ റിലീസ് ചെയ്തില്ലെങ്കില്‍ ബിസിനസിനെ ബാധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞെങ്കിലും താന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് ആമിര്‍ പറയുന്നത്. സിനിമയിലെ ഒരു സീനിൽ ഇന്ത്യൻ ദേശീയ ഗാനവും ഇന്ത്യൻ പതാകയും കാണിക്കുന്നുണ്ട്. ആ രംഗം ഒഴിവാക്കണമെന്ന് പാകിസ്ഥാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടുവെന്നും, അത് സാധ്യമല്ലെന്ന് പറഞ്ഞ് തങ്ങളാണ് സിനിമ പാകിസ്ഥാനിൽ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചതെന്നും ആമിർ വെളിപ്പെടുത്തി.
 
'ഗീത ഫോഗട്ട് മത്സരത്തില്‍ വിജയിക്കുമ്പോള്‍ ഇന്ത്യന്‍ പതാക കാണിക്കുന്നതും ദേശീയ ഗാനം വരുന്നതും നീക്കണമെന്നാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്തില്ലെങ്കില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. ആ നിമിഷത്തില്‍ തന്നെ പാകിസ്ഥാനില്‍ ഈ സിനിമ റിലീസ് ചെയ്യുന്നില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. 
 
ദേശീയ ഗാനവും പതാകയും ഒഴിവാക്കുന്നത് ചിന്തിക്കാന്‍ പോലും എനിക്ക് താല്‍പര്യമില്ലായിരുന്നു. സിനിമയുടെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ ഡിസ്‌നി ആണ്. ഇത് ബിസിനസിനെ ബാധിക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ആരെങ്കിലും നമ്മുടെ ദേശീയ ഗാനവും പതാകയും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് എനിക്ക് താല്‍പര്യമില്ല. അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു', എന്നാണ് ആമിര്‍ ഖാന്‍ ഒരു പരിപാടിക്കിടെ തുറന്നു പറഞ്ഞിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍