കഥകളി ചെയ്യാന്‍ മമ്മൂട്ടി പറഞ്ഞു, മോഹന്‍ലാല്‍ ചെയ്തു; കമലദളം പിറന്നു!

Webdunia
തിങ്കള്‍, 22 ജനുവരി 2018 (16:27 IST)
മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ കമലദളം റിലീസായിട്ട് 25 വര്‍ഷം പിന്നിട്ടിരിക്കുന്നു. മോഹന്‍ലാലിന്‍റെയും ലോഹിതദാസിന്‍റെയും സിബി മലയിലിന്‍റെയും കരിയറിലെ ഏറ്റവും മികച്ചത് എന്നുപറയാവുന്ന അഞ്ച് ചിത്രങ്ങളുടെ കൂട്ടത്തില്‍ കമലദളവും ഉണ്ടാകും.
 
എന്നാല്‍, ഈ സിനിമയുടെ കഥ മമ്മൂട്ടി നല്‍കിയ ഒരു സ്പാര്‍ക്കില്‍ നിന്നാണ് ഉണ്ടായതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സത്യമാണത്. കഥയാലോചിച്ച് തലപുകച്ചിരുന്ന ലോഹിതദാസിന് മമ്മൂട്ടിയാണ് കമലദളത്തിന്‍റെ സ്പാര്‍ക്ക് നല്‍കുന്നത്.
 
ആ സംഭവം ഇങ്ങനെയാണ്. മോഹന്‍ലാലിന്‍റെ നിര്‍മ്മാണക്കമ്പനിയായ പ്രണവത്തിന് വേണ്ടി ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും ചെയ്തുകഴിഞ്ഞ സമയം. അടുത്ത പ്രൊജക്ടും ചെയ്യുന്നത് സിബിമലയില്‍ - ലോഹിതദാസ് ടീം തന്നെയാണ്. എന്നാല്‍ കഥ ഒന്നുമായിട്ടില്ല.
 
അങ്ങനെയിരിക്കെ ഒരുദിവസം മമ്മൂട്ടിയുമായി ലോഹി ഫോണില്‍ സംസാരിക്കുമ്പോള്‍ ‘പ്രണവത്തിന്‍റെ പുതിയ സിനിമയുടെ കഥയെന്തായി?’ എന്ന് മമ്മൂട്ടി ചോദിക്കുന്നു. 
 
“അബ്ദുള്ളയില്‍ ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക് സംഗീതവും പരീക്ഷിച്ചു. ഭരതത്തില്‍ ശുദ്ധ കര്‍ണാടക സംഗീതമായിരുന്നു പശ്ചാത്തലം. അടുത്തത് ഏത് പിടിക്കുമെന്നാണ് ആലോചിക്കുന്നത്” എന്ന് ലോഹിതദാസ് മമ്മൂട്ടിയോട് പറഞ്ഞു. “അടുത്തത് കഥകളി പിടിക്ക്” എന്ന് അലക്‍ഷ്യമായി മമ്മൂട്ടി മറുപടിനല്‍കി.
 
മമ്മൂട്ടിയുടെ ‘കഥകളി പിടിക്ക്’ എന്ന അലസവാചകം പക്ഷേ ലോഹിതദാസില്‍ പെട്ടെന്നുണര്‍ത്തിയത് കലാമണ്ഡലത്തിന്‍റെ സ്മരണകളാണ്. അത് ആ പശ്ചാത്തലത്തിലുള്ള കമലദളത്തിന്‍റെ കഥയിലേക്കുള്ള ആദ്യ സ്പാര്‍ക്കുമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article