ഏറെ പ്രതീക്ഷയോടെ വന്ന് തിയേറ്ററിൽ വേണ്ടവിധത്തിൽ പ്രദർശനം നടത്താൻ കഴിയാതെ പോയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ, മരക്കാർ അറബിക്കടലിന്റെ സിംഹം പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല.
ഇപ്പോഴിതാ, ഈ സിനിമ ഒരു പരാജയമല്ലെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള പറയുന്നു. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇതിന് മുൻപ് 20 കോടിക്ക് മുകളിൽ ചിലവിൽ ഒരു പടം വന്നിട്ടില്ലെന്നും ആ സിനിമയ്ക്ക് വന്നിരിക്കുന്ന നഷ്ടം വെറും അഞ്ച് കോടിയാണെന്നും സന്തോഷ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിള ഇക്കാര്യം പറഞ്ഞത്.
'മരക്കാർ ഒരു പരാജയ സിനിമയല്ല, 89-92 കോടി രൂപ വരെ ചിലവായ പടമാണ്. മലയാളം ഇൻഡസ്ട്രിയിൽ അതിന് മുൻപ് എനിക്ക് തോന്നുന്നില്ല 20 കോടിക്ക് മുകളിൽ ഒരു പടം വന്നിട്ടുണ്ടെന്. ആ സിനിമയ്ക്ക് വന്നിരിക്കുന്ന നഷ്ടം വെറും അഞ്ച് കോടിയാണ് അപ്പോൾ ബഡ്ജറ്റിന്റെ അഞ്ച് ശതമാനം പോലും നഷ്ടം ഉണ്ടായിട്ടില്ല. അങ്ങനെ നോക്കിയാൽ മരയ്ക്കാർ നഷ്ടമല്ല, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് മോഹൻലാൽ ആണ്. സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ ഇവരൊക്കെ പ്രിയദർശൻ ആയി ഒരു നല്ല ബന്ധമുള്ളതുകൊണ്ട് കുറച്ച് പൈസയെ വാങ്ങിയുള്ളൂ', സന്തോഷ് കൂട്ടിച്ചേർത്തു.
അതേസമയം, വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രത്തിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവഹിച്ചു. സംഗീതം റോണി റാഫേൽ.