Drishyam 3: 'ദൃശ്യം 3 ഏറ്റവും വലിയ സൂപ്പർ ഹിറ്റായി മാറണേ എന്നാണ് പ്രാർത്ഥന': മോഹൻലാൽ

നിഹാരിക കെ.എസ്

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (09:21 IST)
മലയാള സിനിമയിൽ ബെ‍ഞ്ച്മാർക്കായി മാറിയ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിച്ചപ്പോഴൊക്കെ പിറന്നത് ഹിറ്റ് സിനിമകളാണ്. ചിത്രത്തിന്റെ രണ്ട് ഭാ​ഗങ്ങളും തിയറ്ററുകളിൽ വൻ വിജയമായി മാറി. ഇപ്പോഴിതാ ദൃശ്യം 3യും ഒരുങ്ങുകയാണ്. ദൃശ്യം 3 ഇന്നലെ ഷൂട്ടിങ് ആരംഭിച്ചു.
 
ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങൾ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. ദൃശ്യം 3 ഒരു നല്ല സിനിമയാണെന്നും അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും സംവിധായകൻ ജീത്തു ജോസഫ് പൂജ ചടങ്ങിൽ പറഞ്ഞിരുന്നു.
 
ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകർ തീർച്ചയായും ദൃശ്യം 3യും മനസിൽ കൊണ്ടു നടക്കുമെന്ന് താൻ പ്രാർഥിക്കുന്നുവെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്കെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. 
 
'എല്ലാ സിനിമകൾ തുടങ്ങുമ്പോഴും നമ്മൾ മനസ് കൊണ്ട് പ്രാർഥിക്കുന്നത്, ഈ സിനിമയ്ക്ക് ഒരു തടസവും കൂടാതെ ഷൂട്ടിങ് നടക്കണേ, ഈ സിനിമ ഏറ്റവും വലിയ സൂപ്പർ ഹിറ്റായി മാറണേ എന്നാണ്. അതുപോലെ ഞാനും പ്രാർ‌ഥിക്കുന്നു. ഒരു തടസവും കൂടാതെ നടക്കണേ. ഇതൊരു വലിയ വിജയമായി മാറണേ എന്ന്. ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകർ തീർച്ചയായും ദൃശ്യം 3യും മനസിൽ കൊണ്ടു നടക്കുമെന്ന് ഞാൻ പ്രാർഥിക്കുന്നു. ജോർജു കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കണ്ടാ. ഈ ഒരു ആകാംക്ഷയാണ് ദൃശ്യത്തിന്റെ ക്യാച്ച് എന്ന് പറയുന്നത്', മോഹൻലാൽ‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍