‘മമ്മൂട്ടി മതി, മറ്റാർക്കും കഴിയില്ല’- പക്ഷേ നായകനായത് മോഹൻലാൽ!

ചൊവ്വ, 18 ഡിസം‌ബര്‍ 2018 (11:50 IST)
മമ്മൂട്ടിയെ മാത്രം മനസിൽ കണ്ട് കൊണ്ട് തിരക്കഥയെഴുതുന്ന ആളുകൾ ഇന്നുമുണ്ട്. അത്തരത്തിൽ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ മനസില്‍ കണ്ടെഴുതിയ തിരക്കഥയാണ് ‘രാജാവിന്‍റെ മകന്‍’. സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ മനസിലും വിന്‍സന്‍റ് ഗോമസ് മമ്മൂട്ടിയായിരുന്നു. 
 
മമ്മൂട്ടിയും തമ്പി കണ്ണന്താനവും തമ്മിൽ വലിയ ബന്ധമായിരുന്നു. മമ്മൂട്ടി മതിയെന്നും മറ്റാർക്കും വിൻസെന്റ് ഗോമസ് ആകാൻ കഴിയില്ലെന്നുമായിരുന്നു ഡെന്നിസും തമ്പിയും പറഞ്ഞത്. പക്ഷേ, തമ്പിക്ക് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി തയ്യാറായില്ല. തമ്പി കണ്ണന്താനം അപ്പോള്‍ പരാജയപ്പെട്ടുനില്‍ക്കുന്ന ഒരു സംവിധായകനായിരുന്നു. 
 
തുടര്‍ച്ചയായി പരാജയങ്ങള്‍ നല്‍കുന്ന ഒരു ഡയറക്‍ടര്‍ക്ക് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി തയ്യാറായില്ല. ഡെന്നിസിന്‍റെ തിരക്കഥ ഗംഭീരമാണെന്നും എന്നാല്‍ തമ്പിയോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്നുമായിരുന്നു മമ്മൂട്ടിയുടെ നിലപാട്‌.
 
ഡെന്നീസും തമ്പിയും ഒരുപാട് നിർബന്ധിച്ചെങ്കിലും മമ്മൂട്ടി സമ്മതിച്ചില്ല. ഇതില്‍ കോപാകുലനായ തമ്പി കണ്ണന്താനം ‘രാജാവിന്‍റെ മകന്‍’ മോഹന്‍ലാലിന് നല്‍കുകയായിരുന്നു. മമ്മൂട്ടിയോട് ദേഷ്യപ്പെട്ടെങ്കിലും രാജാവിന്‍റെ മകന്‍റെ പൂജാ ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ മമ്മൂട്ടിയെയാണ് തമ്പി വിളിച്ചത്. രാജാവിന്‍റെ മകന്‍ ചരിത്രവിജയമായി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍