അങ്ങനെയൊന്നും മമ്മൂട്ടിച്ചിത്രങ്ങള്‍ ചെയ്യാത്തയാളാണ് സത്യന്‍ അന്തിക്കാട്. പറ്റിയ ഒരു കഥ ഒത്തുവരണം. കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കണം. ആ കഥാപാത്രത്തെ മമ്മൂട്ടിക്കല്ലാതെ ചുമലിലേറ്റാന്‍ കഴിയില്ലെന്ന് തോന്നണം. അപ്പോള്‍ മാത്രമേ സത്യന്‍ മമ്മൂട്ടിയിലേക്ക് എത്താറുള്ളൂ. എന്തായാലും സത്യന്‍റെ അടുത്ത ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയാണ്.
മമ്മൂട്ടി - സത്യന്‍ അന്തിക്കാട് ടീമിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നിന്‍റെ പേര് ‘അര്‍ത്ഥം’ എന്നാണ്. ആ സിനിമയേക്കാള്‍ അതില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയായിരിക്കും ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്നുണ്ടാവുക. ‘ബെന്‍ നരേന്ദ്രന്‍’ എന്നായിരുന്നു ആ കഥാപാത്രത്തിന്‍റെ പേര്. നരേന്ദ്രന്‍ എന്നയാള്‍ ജയിലില്‍ കിടന്നുകൊണ്ട് ഒരു നോവലെഴുതുന്നു. ‘ബെന്‍’ എന്ന തൂലികാനാമത്തിലാണ് അത് പ്രസിദ്ധീകരിക്കപ്പെടുന്നത്.
ബെന്‍ എന്ന പേര് കണ്ടെത്താന്‍ സത്യന്‍ അന്തിക്കാടും തിരക്കഥാകൃത്ത് വേണു നാഗവള്ളിയും കുറച്ച് ബുദ്ധിമുട്ടുകതന്നെ ചെയ്തു. തൂലികാനാമമായി എന്ത് പേര് സ്വീകരിക്കണമെന്ന് സത്യന്‍ തലപുകഞ്ഞ് ആലോചിച്ചു. മലയാളികള്‍ക്ക് വലിയ പരിചയമില്ലാത്ത പേരുവേണം. എന്നാല്‍ ഏറെ നീളമുള്ള ഒരു പേരാവരുത്. ഒരേസമയം ക്യൂട്ടും ശക്തവുമായിരിക്കണം.
ആ സമയത്താണ് ഒളിമ്പിക്സ് നടക്കുന്നത്. നൂറുമീറ്റര്‍ അത്‌ലറ്റിക്സില്‍ ഒന്നാം സ്ഥാനം നേടിയത് ബെന്‍ ജോണ്‍സണ്‍. രണ്ടാം സ്ഥാനത്തെത്തിയത് കാള്‍ ലൂയിസ്. ബെന്‍ ജോണ്‍സന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്ന കാരണത്താല്‍ ഒന്നാം സ്ഥാനം കാള്‍ ലൂയിസിന് നല്‍കപ്പെടുന്നു. ബെന്‍ ജോണ്‍സണിലെ ‘ബെന്‍’ സത്യന്‍ അന്തിക്കാടിനെ ആകര്‍ഷിച്ചു. അങ്ങനെ നരേന്ദ്രന്‍ ‘ബെന്‍’ നരേന്ദ്രനായി. മമ്മൂട്ടിയുടെ എക്കാലത്തെയും രസകരവും ശക്തവുമായ കഥാപാത്രമായി.