ഏറ്റവും അധികം സ്ത്രീവിരുദ്ധ സിനിമകൾ ചെയ്തിട്ടുള്ളത് സൂപ്പർതാരങ്ങളാണ്, കൈയ്യടിക്കാൻ കുറേ ഫാൻസും: ഡോ. ബിജു

വ്യാഴം, 25 ജൂലൈ 2019 (18:26 IST)
മലയാളത്തിൽ ഏറ്റവും അധികം സ്ത്രീ വിരുദ്ധ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് സൂപ്പർതാരങ്ങളായ രണ്ട് പേരാണെന്ന് മമ്മൂട്ടിയേയും മോഹൻലാലിനേയും പേരെടുത്ത് പറയാതെ സംവിധായകൻ ഡോ. ബിജു ആരോപിച്ചു. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ബിജുവിന്റെ വിമര്‍ശനം.
 
‘മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീവിരുദ്ധ സിനിമകള്‍ എടുത്തു പരിശോധിച്ചാല്‍, അതില്‍ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. അവര്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ വേണോ, പക്ഷേ അവര്‍ തന്നെ അത് പ്രോത്സാഹിപ്പിക്കുകയായിരുന്നു‘. 
 
‘അവര്‍ അതിനെ പറ്റി ഉത്കണ്ഠപ്പെട്ടില്ല. ശരിയാണ്, ആരോ എഴുതി തരുന്ന സംഭാഷണങ്ങള്‍ അവര്‍ പറയുന്നു. അവര്‍ക്ക് വേണമെങ്കില്‍ അത് പറയാം. പക്ഷേ എങ്കില്‍ പോലും സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയുന്ന രണ്ട് പേര്‍ അതില്‍ ശ്രദ്ധ ചെലുത്തിയില്ല എന്ന് പറയുന്നത് അവരുടെ സാംസ്‌കാരിക അപചയമാണ്.’
 
‘അതിനെ കൈയടിക്കാന്‍ കുറച്ച് ഫാന്‍സ് എന്ന് പറഞ്ഞ ആളുകളും. അങ്ങനെയൊരു ധാര മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അതിന് എതിരെയുള്ള ആദ്യ കല്ലേറാണ് ഡബ്ല്യു.സി.സി. ചെറുപ്പക്കാരായിട്ടുള്ളവര്‍ ബോള്‍ഡായ സിനിമകള്‍ എടുക്കാന്‍ തുടങ്ങിയിരിക്കുന്നതും മാറ്റത്തിന്റെ ഭാഗമാണ്. മാറ്റം ഉണ്ടാക്കുന്നവര്‍ പഴയതിലേക്ക് പോകാതിരിക്കുക എന്നത് പ്രധാനമാണ്.’ ബിജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍