‘വിചാരണ’ വരുന്നു. വിചാരണ എന്നല്ല, ‘വിസാരണൈ’ എന്നാണ് പേര്. തമിഴ് ചിത്രമാണ്. ദേശീയ അവാര്‍ഡ് ജേതാവായ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. യുവസൂപ്പര്‍താരം ധനുഷും വെട്രിമാരനും ചേര്‍ന്ന് നിര്‍മ്മിച്ച വിസാരണൈ ഒരു പരീക്ഷണചിത്രമാണ്.
അട്ടക്കത്തി ദിനേശ്, സമുദ്രക്കനി, ആടുകളം മുരുഗദോസ്, കയല്‍ ആനന്ദി എന്നിവരാണ് വിസാരണൈയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സിനിമയ്ക്കുള്ള പുരസ്കാരം വിസാരണൈ നേടി.
നിരപരാധികളായ ഒരുകൂട്ടം ആളുകള്‍ക്ക് ഒരു ജയിലില്‍ അനുഭവിക്കേണ്ടിവരുന്ന അതിക്രൂരമായ മര്‍ദ്ദനവും വിചാരണാരംഗങ്ങളുമാണ് സിനിമയില്‍ പറയുന്നത്. പണവും ഭരണകൂടവും അധികാരികളും ചേര്‍ന്ന് നിരപരാധികളെ കുറ്റവാളികളാക്കുന്നതിന്‍റെ സത്യസന്ധമായ ചിത്രീകരണമാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്. പാട്ടുകളോ മറ്റ് കൊമേഴ്സ്യല്‍ ചേരുവകളോ ഇല്ലാത്ത വിസാരണൈയുടെ പശ്ചാത്തല സംഗീതം ജി വി പ്രകാശ്കുമാര്‍. 106 മിനിറ്റാണ് സിനിമയുടെ പ്രദര്‍ശനസമയം.
സിനിമാമേഖലയിലെ പ്രമുഖര്‍ ഈ സിനിമയുടെ മേന്‍മ എടുത്തുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് വിസാരണൈ എന്ന് സംവിധായകന്‍ എ എല്‍ വിജയ് പറഞ്ഞു.
“ഇതൊരു ഹാര്‍ഡ് ഹിറ്റിംഗ് സിനിമയാണ്. ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍, ഒന്നും പറയാന്‍ പോലുമാകാത്ത അവസ്ഥയിലായിപ്പോയി ഞാന്‍. ഈ സിനിമയുടെ കഥയും തിരക്കഥയും കഥാപാത്രരൂപീകരണവുമൊക്കെ ഗംഭീരമായാണ് വെട്രിമാരന്‍ ഒരുക്കിയിരിക്കുന്നത്. ഒരു മാസ്റ്റര്‍പീസാണ് അദ്ദേഹം നമുക്ക് തന്നിരിക്കുന്നത്” - എ എല്‍ വിജയ് പറയുന്നു.
ഓട്ടോ ചന്ദ്രന്‍ എഴുതിയ ലോക്കപ്പ് എന്ന നോവലാണ് സിനിമയ്ക്ക് ആധാരമായത്. താന്‍ യഥാര്‍ത്ഥത്തില്‍ അനുഭവിച്ച ജയില്‍ ജീവിതമാണ് ഓട്ടോ ചന്ദ്രന്‍ ഈ നോവലില്‍ പകര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയെ അടയാളപ്പെടുത്തുന്ന ഒരു ചിത്രമായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍.
ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന വിസാരണൈ ലൈക്ക പ്രൊഡക്ഷന്‍സും വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് വിതരണത്തിനെടുത്തിരിക്കുന്നത്. ‘സൂതടി’ എന്ന ധനുഷ് നായകനായ സിനിമയുടെ ഇടവേളയില്‍ കിട്ടിയ സമയം പ്രയോജനപ്പെടുത്തിയാണ് വെട്രിമാരന്‍ വിസാരണൈ ചിത്രീകരിച്ചത്.