സിങ്കം 3, ഗര്‍ജ്ജിക്കാന്‍ വീണ്ടും സൂര്യ!

Webdunia
ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (17:09 IST)
സിങ്കം എന്ന സിനിമ ഹരി സംവിധാനം ചെയ്തത് 2010ലാണ്. സൂര്യ നായകനായ ആ സിനിമ മെഗാഹിറ്റായി. ദുരൈസിങ്കം എന്ന പൊലീസ് ഉദ്യോഗസ്ഥനായി സൂര്യ കസറി. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സിങ്കം 2 ഒരുക്കി. അതും ഗംഭീര വിജയം നേടി. ഇനി സിങ്കം 3യുടെ കാലം!
 
ഹരിയുമൊത്ത് ഒരു സിനിമ അടുത്ത വര്‍ഷം ചെയ്യുമെന്ന് സൂര്യ അറിയിച്ചുകഴിഞ്ഞു. അത് സിങ്കം 3 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്ക ഷെട്ടി തന്നെ നായികയാകുന്ന സിനിമയ്ക്ക് ദേവിശ്രീപ്രസാദ് സംഗീതം നല്‍കുമെന്നും അറിയുന്നു.
 
എന്നാല്‍ സിങ്കം പാക്കേജില്‍ നിന്നുമാറി മറ്റൊരു സിനിമ ചെയ്താലോ എന്നും ഹരി - സൂര്യ ടീം ആലോചിക്കുന്നുണ്ടത്രേ. സിങ്കം സീരീസ് സിങ്കം 2 കൊണ്ട് നിര്‍ത്താമെന്നും സ്വതന്ത്രമായ മറ്റൊരു കഥയിലേക്ക് പ്രവേശിക്കാമെന്നും ഇരുവരും ചര്‍ച്ച നടത്തിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
 
എന്നാല്‍ ആരാധകര്‍ സിങ്കത്തിന്‍റെ തുടര്‍ച്ച തന്നെയാണ് ഈ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ആരാധകരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്ന സംവിധായകനാണ് ഹരി. 
 
ഈ ദീപാവലിക്ക് ഹരി സംവിധാനം ചെയ്ത പൂജൈ എന്ന ആക്ഷന്‍ ത്രില്ലര്‍ റിലീസാകുന്നുണ്ട്. വിശാല്‍ ആണ് ചിത്രത്തിലെ നായകന്‍.