'സൂപ്പര്‍സ്റ്റാര്‍' എന്ന പദവിക്ക് ഇന്ത്യയില്‍ ഏറ്റവും യോഗ്യന്‍ താന്‍ തന്നെയാണെന്ന് രജനികാന്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. രജനിയുടെ ഏറ്റവും പുതിയ സിനിമ 'ലിങ്ക' റിലീസായി വെറും മൂന്നുനാളുകള്‍ക്കകം 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്.
തമിഴ്‌നാട്ടില്‍ നിന്നുമാത്രം 55 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 26 കോടിയും ഓവര്‍സീസ് കളക്ഷന്‍ 20 കോടിയും സ്വന്തമാക്കിയതോടെ ഇത്രയും വേഗത്തില്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമ എന്ന ബഹുമതിയാണ് ലിങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ലിങ്ക 2200 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. വിദേശരാജ്യങ്ങളില്‍ 1000 പ്രിന്‍റുകളാണ് റിലീസ് ചെയ്തത്. രജനീകാന്തിന്‍റെ ഡബിള്‍ റോളും സൊനാക്ഷി സിന്‍ഹയും അനുഷ്ക ഷെട്ടിയും കൂറ്റന്‍ സെറ്റുകളും മികച്ച ഗാനങ്ങളും സാങ്കേതികത്തികവുമെല്ലാം പ്രേക്ഷകരെ വശീകരിച്ചതോടെയാണ് സിനിമ തകര്‍പ്പന്‍ ഹിറ്റായി മാറിയത്.
രജനികാന്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ ഈ സിനിമയുടെ തകര്‍പ്പന്‍ വിജയം ബോളിവുഡിനെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. കെ എസ് രവികുമാറാണ് ലിങ്ക സംവിധാനം ചെയ്തത്. രജനീകാന്തിന്‍റെ മുത്തു, പടയപ്പ തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ സംവിധായകനാണ് രവികുമാര്‍.