വിസ്മയമായ് മമ്മൂട്ടിയുടെ 10 മുഖങ്ങള്‍

വ്യാഴം, 11 മെയ് 2017 (14:56 IST)
അത്ഭുതകരം എന്ന് നമുക്ക് തോന്നുന്ന എത്രയോ കാര്യങ്ങളുണ്ട്. താജ്മഹലിന്‍റെ സൗന്ദര്യത്തിന് മുന്നില്‍ വിസ്മയം തൂകുന്ന മിഴികളുമായി ഇപ്പോഴും നമ്മള്‍ നില്‍ക്കാറുണ്ട്. ചാഞ്ഞുനില്‍ക്കുന്ന മഹാഗോപുരം നമ്മുടെ വിസ്മയമാണ്. അങ്ങനെ പറഞ്ഞുപോകാന്‍ എത്രയെത്ര. ചില മനുഷ്യരും അങ്ങനെയാണ്. എപ്പോഴും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. 
 
എ പി ജെ അബ്‌ദുള്‍കലാം, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കമല്‍ഹാസന്‍, എ ആര്‍ റഹ്മാന്‍, എം ടി, മോഹന്‍ലാല്‍, പ്രേംനസീര്‍, യേശുദാസ്, അമിതാഭ് ബച്ചന്‍, പി ടി ഉഷ, ഉസൈന്‍ ബോള്‍ട്ട് അങ്ങനെ എത്രയെത്ര വിസ്മയ ജീവിതങ്ങള്‍. മലയാളികള്‍ക്ക് നിത്യവിസ്മയമായി നില്‍ക്കുന്ന മറ്റൊരാളുണ്ട്, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഒരാള്‍. മഹാനടന്‍ മമ്മൂട്ടി.
 
എന്ത് കൊണ്ട് "മമ്മൂട്ടി" എന്ന നടനെ ഇത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം വ്യക്തമായി നല്‍കാനാകും. അദ്ദേഹത്തിന്റെ സിനിമകളിലൂടെ തന്നെ, കഥാപാത്രങ്ങളിലൂടെ. മമ്മൂട്ടി അനശ്വരമാക്കിയ 10 കഥാപാത്രങ്ങളിലൂടെ മലയാളം വെബ്‌ദുനിയ ഒരു സഞ്ചാരം നടത്തുന്നു. 
 
1. ദി കിംഗ്
 
ഇന്നും തീരാത്ത ആവേശമാണ് ജോസഫ് അലക്‌സ് എന്ന കളക്‌ടര്‍ സമ്മാനിച്ചിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ് എന്ന ചിത്രത്തിലെ ആ കഥാപാത്രം പ്രേക്ഷകരുടെ സിരകളില്‍ അഗ്നി പടര്‍ത്തിയപ്പോള്‍ ബോക്സോഫീസില്‍ ചിത്രം ചരിത്രവിജയം നേടി. 
 
2. വിധേയന്‍ 
 
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയനില്‍ ഭാസ്കര പട്ടേലര്‍ എന്ന കഥാപാത്രത്തെ മറ്റാര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ മമ്മൂട്ടി അനശ്വരമാക്കി. 1993 പുറത്തിറങ്ങിയ ഈ സിനിമ മെഗാസ്റ്റാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ കണക്കില്ലാത്ത അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. 
 
3. കാഴ്‌ച
 
ബ്ലെസി സംവിധാനം ചെയ്ത കാഴ്‌ച എന്ന ചിത്രത്തില്‍ മാധവന്‍ എന്ന നിഷ്കളങ്കനായ മനുഷ്യനായി മമ്മൂട്ടി തിളങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയുടെ മറ്റൊരു മുഖം ബജ്‌റംഗി ബായിജാന്‍ എന്ന പേരില്‍ 500 കോടി കളക്ഷന്‍ നേടി ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയനക്ഷത്രമായി.
 
4. ഒരു വടക്കന്‍ വീരഗാഥ
 
ഹരിഹരന്‍ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. ചതിയന്‍ ചന്തുവില്‍ നിന്നും ചന്തുവിന് പുതിയ ഒരു മുഖമാണ് എം ടി നല്‍കിയത്. ചതിയനല്ലാത്ത ചന്തുവിനെ മമ്മൂട്ടിയിലൂടെ ഈ ചിത്രത്തില്‍ മലയാളികള്‍ കണ്ടു. എം ടിയുടെ അസാധാരണമായ രചനാപാടവം കൊണ്ട് ലോകോത്തരമായി മാറിയ സിനിമ.
 
5. അമരം
 
ഭരതന്‍റെ സൃഷ്ടിയായിരുന്നു അമരം. അച്ചൂട്ടി എന്ന കഥാപാത്രമായി മമ്മൂട്ടി ഉജ്ജ്വല പ്രകടനം നടത്തി. മകളോട് ഉള്ള സ്നേഹത്തിന്റെ തീവ്രതയാണ് അച്ചൂട്ടി തുടക്കം മുതല്‍ ഒടുക്കം വരെ കാണിച്ചു തന്നത്. ലോഹിതദാസിന്‍റെ തിരക്കഥ. രവീന്ദ്രന്‍റെ സംഗീതം. കൈതപ്രത്തിന്‍റെ വരികള്‍. യേശുദാസിന്‍റെ സ്വരം. മധു അമ്പാട്ടിന്‍റെ ക്യാമറ. പ്രതിഭകളുടെ മഹാസംഗമമായിരുന്നു അത്. 200 ദിവസത്തിലധികമാണ് അമരം തിയേറ്ററുകളില്‍ നിറഞ്ഞോടിയത്.
 
6. മൃഗയ
 
വാറുണ്ണി എന്ന കഥാപാത്രത്തെ അത്ഭുതത്തോടെയാണ് മലയാള പ്രേക്ഷകര്‍ സ്വീകരിച്ചത്. അന്നു വരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ധൈര്യശാലിയായ നായകനായിരുന്നു വാറുണ്ണി. പുലിയെ വേട്ടയാടുന്ന വാറുണ്ണി. ലോഹിതദാസിന്‍റെ തിരക്കഥയില്‍ ഐ വി ശശിയുടെ സംവിധാനം. രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തമായ ഒരു മമ്മൂട്ടിക്കഥാപാത്രമായിരുന്നു മൃഗയയിലേത്.
 
7. ഒരു സി ബി ഐ ഡയറിക്കുറിപ്പ്
 
കെ മധു സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു ഒരു സി ബി ഐ ഡയറിക്കുറിപ്പ്. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എസ് എന്‍ സ്വാമി സൃഷ്ടിച്ചത്. പിന്നീട് ഈ സിനിമയുടെ മൂന്ന് തുടര്‍ച്ചകള്‍ കൂടി ഇറങ്ങിയപ്പോഴും മലയാളികള്‍ കൈയടികളോടെ സ്വീകരിച്ചു. 
 
8. ഇന്‍സ്‌പെക്ടര്‍ ബെല്‍റാം
 
ഐ വി ശശി - ടി ദാമോദരമ് ടീമിന്‍റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. പൊലീസ് എന്നുപറഞ്ഞാല്‍ ഇന്നും ബല്‍റാമിനെ വെല്ലുന്ന ഒരാള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. ചൂടന്‍ സംഭാഷണങ്ങളും സൂപ്പര്‍ ആക്ഷനും ചിത്രത്തിന്‍റെ ഹൈലൈറ്റായി. 
 
9. ന്യൂഡല്‍ഹി
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാണ് ന്യൂഡല്‍ഹിയിലെ ജി കൃഷ്ണമൂര്‍ത്തി. പരാജയങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ നിന്ന് മമ്മൂട്ടി എന്ന നടനെയും താരത്തെയും അമൂല്യമായ താരത്തിളക്കത്തിലേക്ക് ഉയര്‍ത്തിയ സിനിമ. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥ സംവിധാനം ചെയ്തത് ജോഷി. ഒരു മലയാള സിനിമ 100 ദിവസം ഹൌസ് ഫുള്‍ ആയി ചെന്നൈയില്‍ ഓടി എന്ന ചരിത്രവും ഈ ചിത്രം സൃഷ്ടിച്ചു. 
 
10. തനിയാവര്‍ത്തനം
 
ബാലഗോപാലന്‍ മാഷ് മലയാളികള്‍ക്ക് ഒരു കണ്ണീരോര്‍മയാണ്. അമ്മ ഉരുട്ടിനല്‍കിയ വിഷച്ചോറുണ്ട് ജീവിതം അവസാനിപ്പിച്ച മാഷ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ജ്വലിക്കുന്ന ഒരു പകര്‍ന്നാട്ടമായിരുന്നു. മമ്മൂട്ടി ആരാധകരുടെ മാത്രമല്ല ഓരോ സിനിമാമോഹിയുടെയും സിനിമാപ്രേമിയുടെയും മിഴിനിറയ്ക്കുന്ന കഥാപാത്രമായിരുന്നു മാഷ്. ലോഹിയുടെ തിരക്കഥ സംവിധാനം ചെയ്തത് സിബി മലയില്‍.

വെബ്ദുനിയ വായിക്കുക