ലാല്‍സലാം എന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടോ? ഇല്ല എന്ന് മലയാളികള്‍ രണ്ടാമതൊന്നാലോചിക്കാതെ മറുപടി പറയും. അഭിനയിച്ചിട്ടില്ല, പക്ഷേ ആ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
സഖാവ് നെട്ടൂരാനായി മോഹന്‍ലാലിനെയും സഖാവ് ഡി കെ ആന്‍റണിയായി മമ്മൂട്ടിയെയുമാണ് സംവിധായകന്‍ വേണു നാഗവള്ളി മനസില്‍ കണ്ടിരുന്നത്. അതുപോലെ രേഖ അവതരിപ്പിച്ച സ്റ്റെല്ല എന്ന കഥാപാത്രമായി സുമലത വരണമെന്നായിരുന്നു വേണു നാഗവള്ളിയുടെ ആഗ്രഹം.
എന്നാല്‍ മമ്മൂട്ടിയുടെ തിരക്കാണ് ലാല്‍സലാം എന്ന സിനിമയെ ഇന്ന് കാണുന്ന വിധത്തില്‍ ആക്കിത്തീര്‍ത്തത്. കഥ ഇഷ്ടപ്പെടുകയും സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്ത ശേഷം ഒരു വിധത്തിലും ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാതെ വന്നപ്പോഴാണ് മമ്മൂട്ടി ‘ലാല്‍സലാം’ വേണ്ടെന്നുവയ്ക്കുന്നത്.
ഡി കെ ആന്‍റണി എന്ന കഥാപാത്രമായി മുരളിയെ നിര്‍ദ്ദേശിക്കുന്നത് തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടിയാണ്. അക്കാലത്ത് തിരുവനന്തപുരം പട്ടത്ത് ചെറിയാന്‍ കല്‍പ്പകവാടിയുടെ ഫ്ലാറ്റിന് അടുത്താണ് മുരളിയും താമസിച്ചിരുന്നത്.
മമ്മൂട്ടി മാറി മുരളി വന്നതുപോലെ സുമലത മാറി രേഖയും വന്നു. ഇരുവരുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളായി ഡി കെയും സ്റ്റെല്ലയും മാറുകയും ചെയ്തു. പ്രണവത്തിന്‍റെ ബാനറില്‍ മോഹന്‍ലാലാണ് ലാല്‍സലാം ആദ്യം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ അതിലും മാറ്റമുണ്ടായി എന്നത് കൌതുകകരമായ വസ്തുത.