മമ്മൂട്ടിക്കുമുണ്ടൊരു സേതുമാധവന്‍, പരാജയപ്പെട്ട പാവം മനുഷ്യന്‍ !

തിങ്കള്‍, 14 നവം‌ബര്‍ 2016 (15:37 IST)
കിരീടത്തിലെ സേതുമാധവനെ എല്ലാവരും അറിയും. എന്നാല്‍ ലോഹിതദാസും സിബി മലയിലും ചേര്‍ന്ന് സൃഷ്ടിച്ച മറ്റൊരു സേതുമാധവനുണ്ട്. വിചാരണ എന്ന ചിത്രത്തിലെ അഡ്വ. സേതുമാധവന്‍. ജീവിതത്തിന്‍റെ പന്തയക്കളരിയില്‍ തോറ്റുപോയ ഒരു പാവം മനുഷ്യന്‍. 
 
1988ല്‍ റിലീസായ ഈ സിനിമ പരാജയമായിരുന്നു. സേതുവിന്‍റെ ജീവിതം പോലെതന്നെ. ലോഹിതദാസിന്‍റെ മൂന്നാമത്തെ തിരക്കഥയായിരുന്നു ഇത്. മമ്മൂട്ടി സേതുമാധവനായ സിനിമ പരാജയമായപ്പോള്‍ മോഹന്‍ലാല്‍ സേതുമാധവനായ സിനിമ വന്‍ വിജയമായി. രണ്ടു സിനിമകളിലെയും നായകന്‍‌മാര്‍ തമ്മില്‍ ഏറ്റവും വലിയ സമാനത, രണ്ടുപേരും ജീവിതമാകുന്ന യുദ്ധത്തോട് പടവെട്ടി തോറ്റവരാണ് എന്നതാണ്.
 
വിചാരണയില്‍ മമ്മൂട്ടിയുടെ സേതുമാധവന്‍ ഒടുവില്‍ സ്വയം ജീവനൊടുക്കുകയാണ്. മോഹന്‍ലാലിന്‍റെ സേതുവാകട്ടെ ജീവിതത്തിന്‍റെ മറ്റൊരു ഘട്ടത്തില്‍ വച്ച് കീരിക്കാടന്‍റെ മകനാല്‍ കൊല്ലപ്പെടുന്നു.
 
വിചാരണയിലെ അഡ്വ.സേതുമാധവന്‍ എന്ന മമ്മൂട്ടിക്കഥാപാത്രം ഒരുപാട് ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചയാളാണ്. ആ മൂല്യങ്ങളൊക്കെ നഷ്ടപ്പെട്ട ഒരു നാട്ടിലാണ് താന്‍ ജീവിക്കുന്നതെന്ന് ആ പാവം മനസിലാക്കുന്നില്ല. ജീവനുതുല്യം സ്നേഹിച്ച ഭാര്യ അനിത പോലും തന്നെ മനസിലാക്കുന്നില്ലെന്ന തിരിച്ചറിവില്‍ കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ചുമാറ്റി അയാള്‍ മരണത്തിന് കീഴടങ്ങി.
 
ശോഭനയായിരുന്നു ചിത്രത്തിലെ നായിക. നെടുമുടി വേണു, മുകേഷ്, ജഗതി, ലാലു അലക്സ്, സീമ, പ്രതാപചന്ദ്രന്‍, ശ്രീനാഥ്, സുകുമാരി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എസ് കുമാര്‍ ക്യാമറ ചലിപ്പിച്ച സിനിമയ്ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കി.

വെബ്ദുനിയ വായിക്കുക