1990 ല്‍ തമിഴകത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു ‘മൈക്കിള്‍ മദന്‍ കാമ രാജന്‍’. ഉലകനായകന്‍ കമലഹാസന്‍ നാലു കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ഈ സിനിമയുടെ നിര്‍മ്മാതാവും തിരക്കഥാകൃത്തും കമല്‍ തന്നെയായിരുന്നു. സിങ്കീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത മൈക്കിള്‍ മദന്‍ കാമ രാജന്‍ തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച കോമഡിച്ചിത്രങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
കമലഹാസനെക്കൂടാതെ ഖുശ്ബു, ഉര്‍വശി, രൂപിണി, നാസര്‍, മനോരമ, സന്താനഭാരതി, നാഗേഷ് തുടങ്ങിയവര്‍ അഭിനയിച്ച മൈക്കിള്‍ മദന്‍ കാമ രാജന്‍ 175 ദിവസമാണ് തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഒരുകോടിയില്‍ താഴെ നിര്‍മ്മാണച്ചെലവുണ്ടായിരുന്ന ഈ സിനിമ 13 കോടിയിലധികം തിയേറ്റര്‍ കളക്ഷന്‍ നേടി. സുന്ദരി നീയും സുന്ദരന്‍ ഞാനും, രം ബം ബം ആരംഭം തുടങ്ങി ഇളയരാജ ഈണമിട്ട ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായി.
ഇപ്പോള്‍ ഈ പഴയ കഥയൊക്കെ പറയാന്‍ കാരണം, ഇന്ത്യന്‍ സിനിമയിലെ ഷോമാന്‍ പ്രിയദര്‍ശന്‍ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന കാര്യം അവതരിപ്പിക്കാനാണ്. അക്ഷയ് കുമാറിനെ നായകനാക്കി പ്രിയന്‍ ഈ സിനിമയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അക്ഷയ് നാലു വേഷങ്ങളില്‍ എത്തുന്ന ആദ്യ ചിത്രമായിരിക്കും ഇത്.
എന്നാല്‍, പ്രിയദര്‍ശന്‍റെ ഈ നീക്കത്തിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് സംവിധായിക ഫറാ ഖാനും മൈക്കിള്‍ മദന്‍ കാമ രാജന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സല്‍മാന്‍ ഖാനെ നായകനാക്കിയാണ് ഫറാ ഖാന്‍ തന്‍റെ സിനിമ പ്ലാന്‍ ചെയ്യുന്നത്.
എന്തായാലും മൈക്കിള്‍ മദന്‍ കാമ രാജന്‍ റീമേക്ക് ചെയ്യാനുള്ള യുദ്ധത്തില്‍ പ്രിയദര്‍ശന് വിജയം കാണാന്‍ കഴിയുമോ എന്ന് ബോളിവുഡ് ഉറ്റുനോക്കുകയാണ്.