പടം ബമ്പര്‍ ഹിറ്റ്, മോഹന്‍ലാലിന് കാര്‍ സമ്മാനം !

തിങ്കള്‍, 20 ഫെബ്രുവരി 2017 (13:51 IST)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ചിത്രം’ പുറത്തിറങ്ങിയത് 1988ലാണ്. ചരിത്രവിജയമാണ് ആ സിനിമ നേടിയത്. 366 ദിവസം പ്രദര്‍ശിപ്പിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം ഇടം‌പിടിച്ചു. ഇപ്പോഴും ടിവിയില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള സിനിമകൂടിയാണ് ചിത്രം.
 
40 ലക്ഷത്തോളമായിരുന്നു ചിത്രത്തിന്‍റെ ബജറ്റ്. ഇപ്പോള്‍ പുലിമുരുകനില്‍ നടന്നതുപോലെ ഒരു മോഹന്‍ലാല്‍ മാജിക് ആ സിനിമയുടെ കാര്യത്തിലും സംഭവിച്ചു. അന്ന് മൂന്നരക്കോടിയിലേറെ ലാഭം നേടി ചിത്രം നിര്‍മ്മാതാവ് പി കെ ആര്‍ പിള്ളയ്ക്ക് വന്‍ നേട്ടമായി. വിജയത്തില്‍ മനസുനിറഞ്ഞ പി കെ ആര്‍ പിള്ള നായകന്‍ മോഹന്‍ലാലിന് ഒരു മാരുതി കാര്‍ സമ്മാനമായി നല്‍കിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.
 
പ്രശസ്ത സംവിധായകന്‍ മണിരത്നം പിന്നീട് വര്‍ഷങ്ങളോളം ‘ചിത്രം’ സിനിമ വീണ്ടും വീണ്ടും വീഡിയോ കാസറ്റിട്ട് കാണുമായിരുന്നുവത്രേ. തീര്‍ത്തും അവിശ്വസനീയമായ ഒരു കഥയെ എങ്ങനെ ഇത്രയും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ച് വിജയം നേടി എന്നതിന്‍റെ ടെക്‍നിക്ക് മനസിലാക്കാന്‍ വേണ്ടിയായിരുന്നു അത്. 
 
ചിത്രത്തിനൊപ്പം മോഹന്‍ലാലിന്‍റെ തന്നെ ഉത്സവപ്പിറ്റേന്നും റിലീസായി. ഉത്സവപ്പിറ്റേന്നിനായിരുന്നു ആദ്യമൊക്കെ തിരക്ക്. പിന്നീട് തിയേറ്ററുകളിലെ അവസ്ഥ മാറി. എങ്ങും 'ചിത്രം' തരംഗമായി.

വെബ്ദുനിയ വായിക്കുക