ജനപ്രിയ നായകന്‍ ദിലീപ് നായകനാകുന്ന ചിത്രത്തിന് ചെലവ് 125 കോടി രൂപ. തമാശ പറയുകയാണെന്ന് വിചാരിക്കേണ്ട. സത്യം തന്നെയാണ്. ഈ സിനിമയുടെ ചിത്രീകരണം മാര്‍ച്ച് നാലിന് ആരംഭിക്കുകയുമാണ്. കൂടുതല്‍ ചിന്തിച്ച് കാടുകയറേണ്ട. ദിലീപ് നായകനാകുന്ന ‘ബാബ സത്യസായി’ എന്ന സിനിമയാണ് 125 കോടിയുടെ ബജറ്റില്‍ ഒരുങ്ങുന്നത്.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമ തെലുങ്കിലെ സൂപ്പര്‍ ഡയറക്ടര്‍ കോടിരാമകൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. പത്തുകോടിയോളം രൂപയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നതിന് ദിലീപിന് ലഭിക്കുന്ന പ്രതിഫലം. മലയാളത്തിലെ ഒരു താരം വാങ്ങിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണീത്.
“ബാബയിലേക്ക് ജനലക്ഷങ്ങള്‍ അടുക്കുന്നു എന്ന സത്യം നമുക്ക് തള്ളിക്കളയാനാവില്ല. ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരു കരിസ്മയുണ്ടായിരുന്നു അദ്ദേഹത്തിന്. ഏതൊരു ചോദ്യത്തിനും വിശദമായ ഉത്തരങ്ങള്‍ ബാബയ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളോടും അദ്ദേഹം കാഴ്ചവച്ചിട്ടുള്ള അത്ഭുതങ്ങളോടും എനിക്ക് ആദരവാണ്. അദ്ദേഹത്തെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഏറെ ഹോംവര്‍ക്ക് ആവശ്യമുണ്ട്. ആ മാനറിസങ്ങള്‍ വീഡിയോകളിലൂടെ ഞാന്‍ പഠിച്ചുവരികയാണ്” - ദിലീപ് വെളിപ്പെടുത്തി.
ബാബയുടെ 25 മുതല്‍ 85 വയസ്സുവരെയുള്ള ജീവിതമാണ് ദിലീപ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി ഈ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജയപ്രദ ഈ ചിത്രത്തില്‍ ദിലീപിന്‍റെ മാതാവായി അഭിനയിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും ഈ സിനിമയ്ക്ക് ലൊക്കേഷനായിരിക്കും.
ഈ ചിത്രത്തില്‍ സത്യസായി ബാബയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് രതിനിര്‍വേദത്തിലെ നായകനായ ശ്രീജിത് വിജയ് ആണ്.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള കോടിരാമകൃഷ്ണ ഒടുവില്‍ സംവിധാനം ചെയ്ത ‘അരുന്ധതി’ തെന്നിന്ത്യയിലാകെ ബ്ലോക്ബസ്റ്റര്‍ വിജയം നേടി.