ജയറാമിന്‍റെ വന്‍ തിരിച്ചുവരവ്, സര്‍ സിപി തകര്‍പ്പന്‍ വിജയം!

Webdunia
ബുധന്‍, 20 മെയ് 2015 (16:49 IST)
ലക്കി സ്റ്റാര്‍, ഭാര്യ അത്ര പോരാ - രണ്ട് ഹിറ്റ് സിനിമകളും റിലീസായത് 2013ലാണ്. അതിന് ശേഷം ജയറാമിന്‍റേതായി റിലീസായ ചിത്രങ്ങള്‍ ബോക്സോഫീസില്‍ അത്ര ശോഭിച്ചില്ല. നടന്‍, സ്വപാനം തുടങ്ങിയ നല്ല സിനിമകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ തിയേറ്ററില്‍ ജനമെത്തിയില്ല.
 
എന്തായാലും 2015 മധ്യത്തോടെ ജയറാമിനും നല്ല സമയം തുടങ്ങുകയാണ്. തമിഴില്‍ അദ്ദേഹം അഭിനയിച്ച കമല്‍ഹാസന്‍ ചിത്രം ഉത്തമവില്ലന്‍ മികച്ച വിജയം നേടുന്നു. ഒപ്പം മലയാളത്തില്‍ ‘സര്‍ സിപി’. ആദ്യദിനത്തില്‍ അത്രയ്ക്കൊന്നും ജനശ്രദ്ധയാകര്‍ഷിക്കാതിരുന്ന സര്‍ സിപി സൂപ്പര്‍ഹിറ്റായി മാറുകയാണ്.
 
മൌത്ത് പബ്ലിസിറ്റിയും നിരൂപകപ്രശംസയും സര്‍ സിപിക്ക് ഗുണമായി. സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച എന്‍റര്‍ടെയ്നറുകളിലൊന്നാണ് സര്‍ സിപി. ജയറാമിന്‍റെ തകര്‍പ്പന്‍ പ്രകടനം, സീമ - രോഹിണി കൂട്ടുകെട്ടിന്‍റെ ഫ്രഷ്നസ്, കഥയിലെ വൈകാരികത, നല്ല പാട്ടുകള്‍ ഇവയാണ് ചിത്രത്തിന് ഗുണമാകുന്നത്. ഷാജൂണ്‍ കാര്യാലിന്‍റെ സംവിധാനമികവും സര്‍ സിപിക്ക് നേട്ടമായി.
 
രണ്ടാം പകുതിയിലെ ചടുലതയും കണ്ണുനനയ്ക്കുന്ന മുഹൂര്‍ത്തങ്ങളും യുവപ്രേക്ഷകരെയും കുടുംബങ്ങളെയും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നു. അഴകപ്പന്‍റെ ഛായാഗ്രഹണം സിനിമയെ പുതിയ ഒരു തലത്തിലെത്തിക്കുന്നു.
 
റിലീസായ എല്ലാ കേന്ദ്രങ്ങളിലും ഫുള്‍ ഹൌസിലാണ് സര്‍ സിപി ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഓരോ ദിവസവും ചിത്രത്തിന് തിരക്കേറിവരികയാണ്. ജയറാമിന്‍റെ ഇരുനൂറാമത് ചിത്രമാണ് സര്‍ സിപി. സര്‍ ചെത്തിമറ്റത്ത് ഫിലിപ്പ് എന്ന കഥാപാത്രമായി ജയറാം അടിച്ചുപൊളിക്കുന്നു.
 
ഭാസ്കര്‍ ദി റാസ്കല്‍, ഒരു വടക്കന്‍ സെല്‍‌ഫി, ഒരു സെക്കന്‍റ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളും തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.