ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സംഭവിച്ചിരിക്കുന്നു. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘പ്രേതം’ മെഗാഹിറ്റായി മാറുകയാണ്. അടിപൊളി സിനിമയാണെന്ന മൌത്ത് പബ്ലിസിറ്റിയാണ് പ്രേതത്തിന് ഗുണമാകുന്നത്.
മണിച്ചിത്രത്താഴിന് ശേഷം കോമഡിയും ഹൊററും സമാസമം ചേര്‍ത്തുണ്ടാക്കിയ ഈ മാജിക് ഹിറ്റ് ജയസൂര്യയുടെ താരമൂല്യം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. നാല് ദിവസം കൊണ്ട് 3.80 കോടി രൂപയാണ് കേരളത്തില്‍ നിന്നുമാത്രം ഈ സിനിമ വാരിക്കൂട്ടിയിരിക്കുന്നത്.
ഇത്രയും വലിയ ഒരു വിജയം ജയസൂര്യ നായകനായ ഒരു സിനിമയ്ക്ക് സംഭവിക്കുന്നത് ഇതാദ്യമാണ്. മെന്‍റലിസ്റ്റായ ജോണ്‍ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്.
മണിച്ചിത്രത്താഴിലെ ഡോ.സണ്ണി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി ജയസൂര്യ മാറുമ്പോള്‍ മണിച്ചിത്രത്താഴ് നേടിയതുപോലെ ഒരു വിജയവും പ്രേതം സ്വന്തമാക്കുകയാണ്.