മോഹന്‍ലാലിന്‍റെ അഭിനയജീവിതം ഒരു ഇടമുറിയാത്ത പ്രവാഹമാണ്. ചെറിയ അരുവിയായും പുഴയായും കടലായുമൊക്കെ ഇടയ്ക്കിടെ രൂപം മാറുന്ന പ്രവാഹം. കേരളം ഏറ്റവുമധികം സ്നേഹിക്കുന്ന ഈ നടനെ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ആദരിച്ചു. ‘മോഹനം’ എന്നായിരിക്കും പരിപാടിയുടെ തലക്കെട്ട്.
മമ്മൂട്ടിയുടെ കൈയില്‍ നിന്നാണ് മോഹന്‍ലാല്‍ മെമെന്‍റോ ഏറ്റുവാങ്ങിയത്. ഒരഭിനേതാവെന്ന നിലയിലുള്ള തന്‍റെ യാത്രയില്‍ എന്നും സ്നേഹവും പിന്തുണയുമായി ഒപ്പമുള്ള മമ്മൂട്ടിക്ക് നന്ദി പറയുന്നതായി മോഹന്‍ലാല്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. ‘പ്രണാമം’ എന്ന വാക്കുമാത്രമാണ് ഈ അവസരത്തിന്‍റെ തന്‍റെ മനസിലേക്ക് വരുന്നതെന്നും അദ്ദേഹം കുറിക്കുന്നു.
മോഹന്‍ലാലിന്‍റെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ സുവര്‍ണ നേട്ടങ്ങള്‍ ഓര്‍മ്മിക്കാനും പങ്കുവയ്ക്കാനും അനവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. ഹരിഹരന്‍, ഷാജി കൈലാസ്, രഞ്ജിത്, രണ്‍ജി പണിക്കര്‍, ഷാജൂണ്‍ കാര്യാല്‍, തമ്പി കണ്ണന്താനം, ജി സുരേഷ്കുമാര്‍, സിബി മലയില്‍, കമല്‍, ഭദ്രന്‍, കെ മധു, ജയറാം, മധു, മഞ്ജു വാര്യര്‍, ബിജു മേനോന്‍, എം പദ്മകുമാര്‍, ഗീത, അംബിക, മേനക, വിജയ് യേശുദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.