ഇതിന് മമ്മൂട്ടി തന്നെ വേണം, മമ്മൂട്ടിക്കേ ഇത് പറ്റൂ !

വ്യാഴം, 24 നവം‌ബര്‍ 2016 (20:40 IST)
‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ക്ലാസിക് ചിത്രത്തിന്‍റെ ജനനത്തെപ്പറ്റി എത്ര കഥകള്‍ പറയാനുണ്ടാകും പലര്‍ക്കും? എന്തായാലും ആ സിനിമ ആദ്യം തുടങ്ങിയത് മമ്മൂട്ടിയെ നായകനാക്കിയുള്ള ഒരു പ്രൊജക്‍ട് എന്ന നിലയില്‍ ആയിരുന്നില്ല. പുതുമുഖങ്ങള്‍ മാത്രം അണിനിരക്കുന്ന ഒരു വടക്കന്‍‌പാട്ട് സിനിമയായിരുന്നു എം ടിയുടെയും ഹരിഹരന്‍റെയും മനസില്‍. 
 
എന്നാല്‍ തിരക്കഥയെഴുതി ഒരു ഘട്ടമെത്തിയപ്പോള്‍ എം ടി പറഞ്ഞു - ഇതിന് മമ്മൂട്ടി തന്നെ വേണം. മമ്മൂട്ടിക്ക് മാത്രമേ ഇത് അവതരിപ്പിക്കാന്‍ പറ്റൂ. 
 
അതേ, ചതിയന്‍ ചന്തു എന്ന് മാലോകരെല്ലാം കുറ്റപ്പെടുത്തിയ ചന്തുവിന്‍റെ മനസിലെ സംഘര്‍ഷങ്ങള്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം യോജിച്ച മറ്റൊരാളില്ല എന്ന് എംടിക്ക് മനസിലായി. അങ്ങനെയാണ് മമ്മൂട്ടി ഈ സിനിമയിലേക്ക് വരുന്നത്.
 
“പക മാറിയിരുന്നോ മനസ്സില്‍? ഇല്ലെന്നു പറയുന്നതാവും സത്യം. എന്‍റെ മോഹം. എന്‍റെ ധ്യാനം. എന്‍റെ രക്തത്തില്‍, ഞരമ്പുകളില്‍ പതിമൂന്നാം വയസ്സു മുതല്‍ പടര്‍ന്നു കയറിയ ഉന്‍‌മാദം. അവളെയാണ് ഞാനിന്നുപേക്ഷിക്കേണ്ടി വരുന്നത്. മച്ചുനന്‍ ചന്തു അവളെ അര്‍ഹിക്കുന്നില്ല. അവള്‍ക്കു നല്ലതു വരട്ടെ, എന്നും നല്ലതു വരട്ടെ” - മമ്മൂട്ടിയുടെ ശബ്ദത്തിലല്ലെങ്കില്‍ ഒരു വടക്കന്‍ വീരഗാഥയിലെ സംഭാഷണങ്ങള്‍ എത്ര ദുര്‍ബലമായിപ്പോകുമായിരുന്നു എന്ന് മലയാളികള്‍ക്ക് ഇന്ന് ബോധ്യമുണ്ട്.
 
താന്‍ മനസില്‍ കണ്ടിരുന്നതിനും മുകളില്‍ ചന്തുവിനെ മികച്ചതാക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു എന്ന് എം ടി തന്നെ അഭിപ്രായപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക