ജയസൂര്യയുടെ വാക്കുകള്‍ കടമെടുക്കാം. ദിവസങ്ങള്‍ കഴിയുമ്പോള്‍ ‘പ്രേമ’ത്തിന്‍റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് ‘അംബാനി റഷീദ്’ ആയി മാറുമെന്നായിരുന്നു ജയസൂര്യയുടെ പ്രവചനം. അത് സത്യമായിരിക്കുകയാണ്. ആദ്യവാരം പിന്നിടുമ്പോള്‍ 10 കോടിക്ക് മേലേക്ക് വരികയാണ് ‘പ്രേമ’ത്തിന്‍റെ കളക്ഷന്‍.
മലയാളികള്‍ തന്നെ രണ്ടായി വേര്‍തിരിക്കപ്പെട്ടു ഈ സിനിമ വന്നതോടുകൂടി. പ്രേമം കണ്ടവരും പ്രേമം കാണാത്തവരും. എന്തായാലും നിവിന്‍ പോളി സൂപ്പര്‍താരമായി അവരോധിക്കപ്പെട്ടതുമാത്രമല്ല, അല്‍ഫോണ്‍സ് പുത്രന്‍ എന്ന അസാധാരണ കഴിവുകളുള്ള ഒരു സംവിധായകന്‍ വിജയവഴിയിലേക്ക് കുതിച്ചെത്തി എന്നതും പ്രേമം നല്‍കിയ നന്‍മ.
ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങി മലയാളത്തിലെ വമ്പന്‍ വിജയങ്ങളുടെയെല്ലാം കളക്ഷന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുകയാണ് പ്രേമം. സിനിമാ പ്രദര്‍ശനത്തിനിടെ ചെറിയ തടസമുണ്ടായതിന് തിയേറ്റര്‍ തകര്‍ക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് പ്രേമം തലയ്ക്ക് പിടിച്ചതോടെ നിവിന്‍ പോളിയുടെ ഡേറ്റിനായി നെട്ടോട്ടമോടുകയാണ് നിര്‍മ്മാതാക്കളും സംവിധായകരും.
തിയേറ്ററില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ലാത്തിച്ചാര്‍ജ്ജ് വേണ്ടിവരുന്ന അവസ്ഥ മലയാളത്തില്‍നിന്ന് അന്യമായിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ പ്രേമം കളിക്കുന്ന തിയേറ്ററുകളില്‍ നിന്ന് ദിനംപ്രതി ലാത്തിച്ചാര്‍ജ്ജ് വാര്‍ത്തകള്‍ വരുന്നു. 50 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ മലയാള ചിത്രം ദൃശ്യമാണ്. എന്തായാലും ആ ക്ലബിലേക്ക് ഏറ്റവും വേഗത്തില്‍ ഓടിക്കയറുകയാണ് പ്രേമം.