അത് ശരിയാണ്, പുലിമുരുകനില്ലെങ്കില്‍ തോപ്പില്‍ ജോപ്പനുമില്ല !

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (14:06 IST)
തോപ്പില്‍ ജോപ്പന്‍ 20 കോടിയിലേക്കുള്ള കുതിപ്പിലാണ്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റായി ഈ സിനിമ മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മത്സരിക്കാന്‍ ലക്ഷണമൊത്ത ഒരു എതിരാളിയെ കിട്ടിയതാണ് തോപ്പില്‍ ജോപ്പന്‍റെ മഹാവിജയത്തിന് കാരണമെന്ന് നിസംശയം പറയാം. പുലിമുരുകനൊപ്പം മത്സരിച്ചത് തോപ്പില്‍ ജോപ്പന് വലിയ ഗുണം ചെയ്തു.
 
ഇക്കാര്യം ജോപ്പന്‍റെ സംവിധായകന്‍ ജോണി ആന്‍റണിയും അംഗീകരിക്കും. പുലിമുരുകന്‍ പോലെ ഒരു വലിയ ചിത്രം വരികയും വലിയ ഹൈപ്പ് ഉണ്ടാവുകയും ചെയ്തത് കൂടെ റിലീസ് ചെയ്ത തോപ്പില്‍ ജോപ്പന് വലിയ നേട്ടമായി. കാരണം പുലിമുരുകന്‍റെ എതിരാളി എന്ന നിലയില്‍ ജോപ്പന്‍ കേരളക്കരയാകെ നിറഞ്ഞുനിന്നു. നല്ല സിനിമയെന്ന പേരുനേടുക കൂടി ചെയ്തതോടെ മുരുകന് പറ്റിയ എതിരാളിയായി ജോപ്പന്‍ മാറുകയും ചെയ്തു.
 
സാധാരണഗതിയില്‍ പുലിമുരുകന്‍ പോലെ ഒരു വലിയ ഹിറ്റ് സംഭവിക്കുമ്പോള്‍ കൂടെ റിലീസ് ചെയ്യുന്ന സിനിമകള്‍ അപ്രസക്തമാകുകയാണ് പതിവ്. എന്നാല്‍ തോപ്പില്‍ ജോപ്പന്‍റെ കാര്യത്തില്‍ അത് സംഭവിച്ചില്ല. നിഷാദ് കോയയുടെ മികച്ച തിരക്കഥയില്‍ ഒന്നാന്തരമൊരു ഫാമിലി എന്‍റര്‍ടെയ്നറായിരുന്നു ജോണി ആന്‍റണി സമ്മാനിച്ചത്. തോപ്പില്‍ ജോപ്പന്‍ ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തതോടെ കൃത്യം നാലാം ദിവസം നിര്‍മ്മാതാവിന് മുടക്കുമുതല്‍ തിരികെക്കിട്ടി.
 
തുടക്കത്തില്‍ ജോപ്പന്‍ പലതവണ പ്രതിസന്ധിയെ നേരിട്ടു. സമയത്തിന് റിലീസാകുമോ എന്ന ആശങ്കയുണ്ടായി. റിലീസായപ്പോള്‍ വ്യാജപ്രചരണങ്ങള്‍ വന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച തോപ്പില്‍ ജോപ്പന്‍ തലയുയര്‍ത്തിനില്‍ക്കുകയാണ് ബോക്സോഫീസില്‍, പുലിമുരുകനൊപ്പം!
Next Article