ടി പി ചന്ദ്രശേഖരന്‍ വധത്തേക്കുറിച്ച് കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ നിശബ്ദത പാലിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ നിശബ്ദത വെടിഞ്ഞ് ഇടതുസാംസ്കാരിക പ്രവര്‍ത്തകര്‍ സി പി എമ്മിനെതിരെ ശബ്ദമുയര്‍ത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എഴുത്തുകാരിയായും സൗത്ത് ഗ്രാമീണ്‍ബാങ്ക് ജീവനക്കാരിയുമായ കെ പി സുധീര ഇടതുപക്ഷ ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവച്ചു.
ചന്ദ്രശേഖരന്‍റെ വധത്തില്‍ പ്രതിഷേധിച്ചാണ് സുധീര രാജി നല്‍കിയത്. വടകരയില്‍ കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അക്രമരാഷ്ട്രീയത്തിനെതിരെ നടത്തുന്ന ഉപവാസ സമരവേദിയില്‍ എത്തിയാണ് സുധീര രാജി പ്രഖ്യാപിച്ചത്.
അതേസമയം, ബംഗാളില്‍ നിന്ന് മഹാശ്വേതാദേവി കോഴിക്കോട്ടെത്തി ചന്ദ്രശേഖരന്‍റെ വീട് സന്ദര്‍ശിച്ചിട്ടും മലയാള സാഹിത്യത്തിലെ മഹാമേരുക്കളായ എം ടി വാസുദേവന്‍ നായരും ഒ എന്‍ വി കുറുപ്പും ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മലയാളത്തിലെ എഴുത്തുകാര്‍ പേടിക്കുകയും മടിക്കുകയും ചെയ്യുന്നതായി സക്കറിയ പറഞ്ഞു. എന്നാല്‍ ഇത്തരം നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു പേടിയുമില്ലെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ അറിയിച്ചു.
സമൂഹത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളോടും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് സാഹിത്യകാരന്‍ സുസ്മേഷ് ചന്ദ്രോത്ത് പ്രതികരിച്ചു. സ്ഥാനമാനങ്ങള്‍ ലഭിക്കാതിരിക്കുമോ എന്ന പേടിമൂലമാണ് ചിലര്‍ പ്രതികരിക്കാത്തതെന്ന് എം എന്‍ കാരശ്ശേരി പറഞ്ഞു. ഈ ഭീകരാവസ്ഥക്കെതിരെ സാംസ്‌കാരിക നായകര്‍ രംഗത്തിറങ്ങണമെന്ന് സച്ചിദാനന്ദന്‍ ആഹ്വാനം ചെയ്തു.
ഭയം കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
“സി പി എമ്മിനെ അനുസരിച്ച് ജീവിച്ചാല്‍ സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയും എന്ന് ചില എഴുത്തുകാര്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിണങ്ങുമോ എന്ന് പല എഴുത്തുകാര്‍ക്കും ഭയമുണ്ട്” - സക്കറിയ പറഞ്ഞു.
“എതിര്‍ക്കുന്നവരെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലാന്‍ മടിയില്ലാത്ത പാര്‍ട്ടിയായി സി പി എം മാറി. പേടിയുണ്ടെന്ന ചുള്ളിക്കാടിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു” - സക്കറിയ വ്യക്തമാക്കി.
എന്നാല്‍, സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുക പതിവാണെന്നും എല്ലാ സംഭവങ്ങളോടും എഴുത്തുകാരന്‍ പ്രതികരിക്കണമെന്ന വാദം ശരിയല്ലെന്നും സുസ്മേഷ് ചന്ദ്രോത്ത് അഭിപ്രായപ്പെട്ടു. അതേസമയം, സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് സാമൂഹ്യപ്രതിബദ്ധതയുണ്ടാകണമെന്നും അനീതികളോട് പ്രതികരിക്കാന്‍ മടിക്കരുതെന്നും പ്രിയനന്ദനന്‍ പറഞ്ഞു. പ്രതികരിച്ചു എന്നതുകൊണ്ട് എന്തെങ്കിലും സ്ഥാനമോ പദവിയോ നഷ്ടമാകുന്നു എങ്കില്‍ താന്‍ അത് കാര്യമാക്കുന്നില്ലെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി.