ലോക ക്ളാസിക്കുകള്‍ക്ക് ഇന്‍റര്‍നെറ്റ് രൂപങ്ങള്‍ വരുമ്പോഴും കൃതികള്‍ ഇന്‍റര്‍നെറ്റിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുമ്പോഴും എന്തിനെന്നറിയാതെ പുസ്തകങ്ങളിലേക്കൊരു മടക്കയാത്ര കാലം ആഗ്രഹിക്കുന്നുണ്ടാവാം. അച്ചടിച്ച അക്ഷരങ്ങളുടെ വിശ്വാസ്യതയും പാരമ്പര്യവും തറവാടിത്തവും അങ്ങനെ അല്ലാത്ത അക്ഷരങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഇതു വരെ സാധിക്കാത്തതിനാലാകാം അത്.
പുസ്തകം എന്നാല്‍ പാഠപുസ്തകങ്ങള്‍ എന്നതില്‍ കവിഞ്ഞ് ഒരു സങ്കല്‍പം വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാതായി തുടങ്ങിയിട്ട് കാലമേറെയായി. എങ്കിലും, വായനയുടെ ലോകങ്ങളിലേക്കുള്ള വാതായനങ്ങള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും അസ്തമിക്കാത്ത വായന അപൂര്‍വ്വ വസ്തുവായി മാറാതിരിക്കാന്‍ വായനാദിനങ്ങള്‍ കാരണമാകട്ടെ.