മാര്‍കേസ് മറവിരോഗത്തിന്റെ പിടിയില്‍

Webdunia
ഞായര്‍, 8 ജൂലൈ 2012 (15:07 IST)
PRO
PRO
നൊബേല്‍ സമ്മാനം നേടിയ കൊളമ്പിയന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന് മറവി രോഗം. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ജെയ്മിയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍കേസ് എഴുത്ത് മതിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

' ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍', ‘കോളറക്കാലത്തെ പ്രണയം‘ തുടങ്ങിയവയുടെ സൃഷ്ടാവായ മാര്‍കേസ് മാജിക്കല്‍ റിയലിസത്തിന്റെ ചക്രവര്‍ത്തിയായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന് മറവിരോഗം ബാധിച്ചതായി നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

രോഗബാധിതനാണെങ്കിലും മാര്‍കേസ് ആരോഗ്യവാനാണെന്ന് സഹോദരന്‍ പറഞ്ഞു. അദ്ദേഹം നന്നായി സംസാരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുണ്ടെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

1982- ല്‍ ആണ് മാര്‍കേസിന് നൊബേല്‍ പുരസ്കാരം ലഭിച്ചത്. അദ്ദേഹം മെക്സിക്കോയില്‍ ആണ് ഇപ്പോള്‍ കഴിയുന്നത്. വര്‍ഷങ്ങളായി അദ്ദേഹം പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടാറില്ല. മാജിക്കല്‍ റിയലിസത്തിന്റെ മാസ്റ്റര്‍ പീസായ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' 1967-ലാണ് പുറത്തിറങ്ങിയത്.