മകന്റെ മോചനത്തിനായി അച്ഛന്‍ ലോക്‍സഭയിലേക്ക് മത്സരിക്കുന്നു

തിങ്കള്‍, 31 മാര്‍ച്ച് 2014 (12:52 IST)
PRO
സൌദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി ഒരു നടപടിയും സ്വീകരിക്കാത്ത വേണു ഗോപാലിനെതിരെ ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ലീഗ് പ്രവര്‍ത്തകനായ എസ് ബി ബഷീര്‍.

വേണുഗോപാലിനെതിരെ അസംതൃപ്തരായ യുഡിഎഫിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകരുടെ വോട്ടുകള്‍ തനിക്ക്‌ ലഭിക്കുമെന്ന്‌ എസ്‌ ബി ബഷീര്‍ പറയുന്നു.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന തന്റെ മകന്‍ സജിബഷീര്‍, ദമാമിലുണ്ടായ വാഹനാപകടത്തില്‍ വിദേശി മരിച്ചതിനെ തുടര്‍ന്നാണ് ജയിലിലായത്. കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി മകന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല.

വിദേശി മരിച്ചത്‌ സജിയുടെ ഭാഗത്തെ വീഴ്ചകൊണ്ടല്ലെന്ന്‌ വിധിയുണ്ടായി. അപകട മരണത്തെ തുടര്‍ന്ന്‌ വിദേശിക്ക്‌ ലഭിക്കേണ്ട ഇന്‍ഷ്വറന്‍സ്‌ തുക കൈപ്പറ്റാന്‍ ബന്ധുക്കള്‍ എത്താതിരുന്നതിനെ തുടര്‍ന്ന്‌ മോചനം യാഥാര്‍ഥ്യമായില്ല.

‘കഴിഞ്ഞ മൂന്നര വര്‍ഷമായി എന്റെ കുടുംബവും ഞാനും തീ തിന്ന്‌ കഴിയുകയാണ്‌. മകന്റെ മോചനത്തിന്‌ സഹായിക്കുന്നതിന്‌ വേണുഗോപാലിനെയും സമീപിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല.

രണ്ട്‌ കേന്ദ്ര ക്യാബിനറ്റ്‌ മന്ത്രിമാരും കേന്ദ്രസഹമന്ത്രിമാരും എന്റെ മാതൃസംഘടനയില്‍പ്പെട്ട വിദേശകാര്യസഹമന്ത്രിയടക്കം കേരളത്തില്‍ നിന്നുള്ള പകുതിയിലധികം യുഡിഎഫ്‌ എംപിമാരും ഉന്നത സ്ഥാനങ്ങളിലിരിക്കുമ്പോഴാണ്‌ ആലപ്പുഴയില്‍ 29 വര്‍ഷം കൗണ്‍സിലറും യുഡിഎഫിന്റെ സജീവ പ്രവര്‍ത്തകനുമായ എനിക്കീ ദുര്‍വിധിയുണ്ടായതെന്നും‘ ബഷീര്‍ പറഞ്ഞു.

വേണുഗോപാലിന്റെ വിജയത്തിനായി വിയര്‍പ്പൊഴുക്കിയ നൂറുകണക്കിന്‌ യുഡിഎഫ്‌ പ്രവര്‍ത്തകരോടൊപ്പം താനും വഞ്ചിക്കപ്പെട്ടു. ഒരു പൗരനെന്ന നിലയില്‍ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരം എന്ന നിലയിലാണ്‌ ലോക്സഭയിലേക്ക്‌ നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ബഷീര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക