Loksabha Election 2024: കമൽഹാസൻ ഡിഎംകെയിലേക്ക്, മക്കൾ നീതി മയ്യം വിട്ട് ശരത്കുമാറും രാധികയും, എൻഡിഎയിലേക്കെന്ന് സൂചന

WEBDUNIA
വ്യാഴം, 8 ഫെബ്രുവരി 2024 (13:56 IST)
സമത്വ മക്കള്‍ കക്ഷി നേതാവും നടനുമായ ശരത്കുമാര്‍ വരാനിരിക്കുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിഎംകെയുടെ മുന്‍ രാജ്യസഭാംഗമായ ശരത്കുമാര്‍ ബിജെപിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.
 
1998ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ ശരത്കുമാര്‍ ഡിഎംകെ ടിക്കറ്റില്‍ തിരുനെല്‍വേലിയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 2001ല്‍ രാജ്യസഭാംഗമായി. എന്‍ഡിഎയില്‍ ചേരുന്നതിന്റെ ഭാഗമായി തിരുനെല്‍വേലി സീറ്റാണ് ശരത്കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം തമിഴ്‌നാട് ബിജെപി അധ്യക്ഷനായ കെ അണ്ണാമലെയും സ്ഥിരീകരിച്ചു.
 
ഡിഎംകെയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ശരത്കുമാര്‍ ഭാര്യ രാധികയ്‌ക്കൊപ്പം അണ്ണാഡിഎംകെയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാധികയെ പാര്‍ട്ടി പുറത്താക്കിയതോടെയാണ് 2007ല്‍ ശരത്കുമാര്‍ സമത്വ മക്കള്‍ കക്ഷിയെന്ന പാര്‍ട്ടി രൂപീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാന്‍ പാര്‍ടിക്കായില്ല. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി ഡിഎംകെയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ശരത് കുമാറിന്റെ പുതിയ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

Next Article