ഇത്തവണ തൃശൂരില്‍ ജയിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നതെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂര്‍ ക്രൂശില്‍ ഏറ്റപ്പെട്ടിരിക്കുകയാണെന്നും ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തൃശൂരിന് ഉയിര്‍പ്പ് ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
' എടുത്തിരിക്കും, എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിട്ടുള്ളത്. പ്രാര്‍ത്ഥനയോടെ പറയുന്നു 'എടുത്തിരിക്കും'. മഹാരഥന്‍മാര്‍ പല സംഭാവനകളും തൃശൂരിന് നല്‍കിയിട്ടുണ്ട്. ലീഡര്‍, ഇന്ദിര ഗാന്ധി എന്നിവരെയൊന്നും ഞാന്‍ മറക്കുന്നില്ല. അവരെയൊന്നും ഞാന്‍ തള്ളിപ്പറയുന്നില്ല. പക്ഷേ അവരുടെയൊക്കെ കാലശേഷം ക്രൂശില്‍ ഏറ്റപ്പെട്ട തൃശൂരിന് 2024 ജൂണ്‍ നാലിന് ഉയിര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു ആരോപണങ്ങളും ഞാന്‍ ഉന്നയിക്കില്ല. എതിര്‍ സ്ഥാനാര്‍ഥികളുടെ പേര് പോലും ഞാന്‍ പറയുന്നില്ല, അവരെ കുറിച്ച് അന്വേഷിക്കുന്നുമില്ല. ഇത്തവണ ഞാന്‍ നിങ്ങളോടു കാല് പിടിച്ച് അപേക്ഷിക്കുകയാണ് നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വോട്ട് ചെയ്യണം. അപ്പോള്‍ താമരചിഹ്നം തൃശൂരിലും വിരിയും കേരളത്തിലും വിരിയും,' സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചെങ്കിലും സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു.