ആലപ്പുഴയിൽ കെ സി വേണുഗോപാൽ ജയിച്ചാൽ നേട്ടം ബിജെപിക്ക്, ഷാഫി വടകരയിലേക്ക് പോയതോടെ പാലക്കാട്ടിലും ബിജെപിക്ക് നേട്ടം

WEBDUNIA

ഞായര്‍, 10 മാര്‍ച്ച് 2024 (14:30 IST)
Shafi and venugopal
വരാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. ഒരു വിധം എല്ലാ രാഷ്ട്രീയ കക്ഷികളും തന്നെ തങ്ങളുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥിപട്ടിക ഇതിനകം പുറത്തുവിട്ടുകഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ തിരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലും തെരെഞ്ഞെടുപ്പ് ചൂട് കൊഴുക്കവെ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവും മറ്റും കാരണം പ്രതിസന്ധിയിലായിരിക്കുന്നത് കോണ്‍ഗ്രസാണ്.
 
പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെ കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ടുകള്‍ ഗുണകരമാവുക ബിജെപിയ്ക്കാണെന്ന തരത്തിലാണ് സിപിഎം പ്രചരണം. നരേന്ദ്രമോദി കേരളത്തില്‍ ബിജെപിയുടെ സീറ്റ് ഇരട്ടസംഖ്യയാകുമെന്ന് പറഞ്ഞത് ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളെ മനസില്‍ കണ്ടാണെന്ന് സിപിഎം പറയുന്നു. അതേസമയം പുതിയ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടതോടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ്.
 
പുതിയ സ്ഥാനാര്‍ഥി പട്ടിക പ്രകാരം പാലക്കാട് സിറ്റിംഗ് എം പിയായ ഷാഫി പറമ്പില്‍ വടകരയില്‍ നിന്നാകും മത്സരിക്കുക. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിയുമായി ഇഞ്ചോടിഞ്ച് മത്സരമുണ്ടായ പാലക്കാട് ഷാഫിയെ പോലൊരു നേതാവിന്റെ വിടവ് ഗുണകരമാവുന്നത് ബിജെപിക്കാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതിനൊപ്പം ആലപ്പുഴയില്‍ മത്സരിക്കാനുള്ള കെ സി വേണുഗോപാലിന്റെ തീരുമാനം ബിജെപിയെ സഹായിക്കാനാണെന്നാണ് സിപിഎമ്മിന്റെ പുതിയ പ്രചരണം.

 
നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗവും കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമാണ് കെ സി വേണുഗോപാല്‍. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ മുഖ്യശത്രുവായ കോണ്‍ഗ്രസ് കെ സിയെ ആലപ്പുഴയില്‍ മത്സരിപ്പിക്കുന്നതിലൂടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയ്ക്കാണ് ഉപകാരം ചെയ്യുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
 
എന്തെന്നാല്‍ ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ വിജയിക്കുകയാണെങ്കില്‍ കെ സിയുടെ രാജ്യസഭാ സീറ്റ് നഷ്ടമാകാന്‍ ഇടവരും. 2026 വരെയാണ് കെസി വേണുഗോപാലിന്റെ രാജ്യസഭാ സീറ്റിന് പ്രാബല്യമുള്ളത്. നേരത്തെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആധിപത്യമുണ്ടായിരുന്നുവെങ്കില്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയ്ക്കാണ് നിലവില്‍ ആധിപത്യം. ഇതോടെ രാജ്യസഭാ സീറ്റ് നഷ്ടമായാല്‍ പകരം മറ്റൊരു സീറ്റ് കൊണ്‍ഗ്രസിന് ലഭിക്കുകയില്ല. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ വിജയിച്ചാല്‍ അതിനാല്‍ തന്നെ ദേശീയ തലത്തില്‍ നേട്ടമാകുന്നത് ബിജെപിയ്ക്ക് ആയിരിക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍