'നമ്മുടെ ചൈന, നമ്മുടെ മമത'; കൊൽക്കത്തയിൽ തൃണമൂൽ പ്രചാരണത്തിനായി ചൈനീസ് ചുവരെഴുത്തുകൾ

വ്യാഴം, 4 ഏപ്രില്‍ 2019 (15:21 IST)
കൊല്‍ക്കത്തയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൈനീസ് ചുവരെഴുത്തുകളും. കൊല്‍ക്കത്തിയിലെ പ്രശസ്തമായ ചൈന ടൗണ്‍ കേന്ദ്രീകരിച്ച് ജീവിക്കുന്ന ചൈനീസ് വംശജരായ വോട്ടര്‍മാരെ ലക്ഷ്യം വച്ചാണ് ചൈനീസ് ചുവരെഴുത്തുകള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയിരിക്കുന്നത്.

1960കളിലും 70കളിലും ഇടതുപക്ഷ തീവ്രവാദി പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്ന കാലത്ത് കൊല്‍ക്കത്തയിലെ ചുവരുകളില്‍ നിറഞ്ഞുനിന്ന മുദ്രാവാക്യങ്ങളിലൊന്ന് “ചൈനേര്‍ ചെയര്‍മാന്‍ അമാദേര്‍ ചെയര്‍മാന്‍” (ചൈനീസ് ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍) എന്നായിരുന്നു. എന്നാല്‍ ആ ചുവരെഴുത്തുകള്‍ ബംഗാളിയിലായിരുന്നു. അര നൂറ്റാണ്ടിന് ശേഷം വീണ്ടും കൊല്‍ക്കത്ത രാഷ്ട്രീയം ചൈനയുമായി ബന്ധിപ്പിക്കപ്പെടുകയാണ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളല്ലെ ചുവരെഴുത്തുകളുമായി ചൈനീസ് പ്രേമം കാട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്.
 
“തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുക” എന്നാണ് ചൈനീസില്‍ എഴുതിയിരിക്കുന്നത്. സ്വാഭാവികമായും കൂടെ മമത ബാനര്‍ജിയുടെ ചിത്രമുണ്ട്. കിഴക്കന്‍ കൊല്‍ക്കത്തയിലെ ടാംഗ്രയിലാണ് ചൈന ടൗണ്‍. ഇവിടെയാണ് ഒരു ഡസനോളം ഇടങ്ങളില്‍ ചൈനീസ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി കൊല്‍ക്കത്തയില്‍ ചൈനീസ് ഭാഷയില്‍ പ്രചാരണം നടത്തുന്നത്. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിന് വേണ്ടി സിപിഎം അറബിയില്‍ ചുവരെഴുത്ത് നടത്തിയത് ശ്രദ്ധേയമായിരുന്നു.
 
ചൈനീസില്‍ ലഘുലേഖകളും പുറത്തിറക്കുമെന്നും തൃണമൂല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഫെയ്‌സ് അഹമ്മദ് ഖാന്‍ പറയുന്നത്. ചൈനീസ് സന്ദേശങ്ങളുമായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കൊല്‍ക്കത്തയില്‍ രണ്ടായിരത്തോളം ചൈനീസ് വോട്ടര്‍മാരുണ്ട് എന്നാണ് പറയുന്നത്. ചൈന ടൗണ്‍ കൊല്‍ക്കത്ത സൗത്ത് മണ്ഡലത്തിന്റെ ഭാഗമാണ്. അഞ്ച് തവണ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്ന മാല റോയ് ആണ് ഇത്തവണ ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി. ഏഴ് ഘട്ടമായാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ മേയ് 19ന്റെ അവസാന ഘട്ടത്തിലാണ് സൗത്ത് കൊല്‍ക്കത്തയിലെ വോട്ടെടുപ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍