വോട്ട് ചോദിച്ച് ഇത്തവണ കണ്ണന്താനം എത്തിയത് കോടതി മുറിയിൽ; ചട്ടലംഘനമെന്ന് അഭിഭാഷകൻ, നടപടി വിവാദത്തിൽ

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (10:18 IST)
എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടഭ്യര്‍ത്ഥനയുമായി കോടതി മുറിയില്‍ കയറിയത് വിവാദമാകുന്നു. പറവൂര്‍ അഡീഷണല്‍ സബ് കോടതിയില്‍ ഇന്നലെ രാവിലെയാണ് കണ്ണന്താനം വോട്ടഭ്യര്‍ത്ഥനയുമായെത്തിയത്. രാവിലെ ബാര്‍ അസോസിയേഷന്‍ പരിസരത്തെത്തിയ അദ്ദേഹം അവിടെയുളളവരോട് വോട്ടഭ്യര്‍ത്ഥിച്ച ശേഷം കോടതി മുറിക്കുളളിലേക്ക് കയറുകയായിരുന്നു. കോടതി ചേരുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പെയാണ് സംഭവം. ജഡ്ജി എത്തുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം പുറത്തിറങ്ങി.
 
അഭിഭാഷകരും കേസിനായി എത്തിയ കക്ഷികളും കോടതി മുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി കോടതി മുറിയില്‍ കയറിയതും വോട്ടഭ്യര്‍ത്ഥിച്ചതും ചട്ടലംഘനമാണെന്നാണ് ആക്ഷേപം. കണ്ണന്താനത്തിന്റെ പ്രവൃത്തിയില്‍ ചില അഭിഭാഷകര്‍ അപ്പോള്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. കോടതി മുറിയില്‍ വോട്ടു തേടുക പതിവില്ലെന്നും കണ്ണന്താനത്തിന്റേത് ചട്ടലംഘനമാണെന്നും അഭിഭാഷകര്‍ പറയുന്നു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുന്നകാര്യം പരിശോധിക്കുന്നുണ്ട്.
 
കോടതിയില്‍ കയറിയതല്ലാതെ വോട്ടഭ്യര്‍ത്ഥന നടത്തിയില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം. നേരത്തെ കണ്ണന്താനം എറണാകുളം ലോക്‌സഭാ മണ്ഡലത്തിന് പുറത്ത് വോട്ടഭ്യര്‍ത്ഥന നടത്തിയതും വിവാദമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article