പശ്ചിമ ബംഗാളിൽ മമതയ്ക്കെതിരെ സഖ്യമുണ്ടാക്കാനുളള കോൺഗ്രസ്-സിപിഎം നീക്കം പൊളിയുന്നു. ധാരണ മറികടന്നു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സിപിഎം നടപടിയെ തുടർന്നാണ് പൊട്ടിത്തെറി പരസ്യമായത്.
സിപിഎം ചെയ്തത് മര്യാദകേടാണെന്ന് ബംഗാൾ പിസിസി അധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്ര കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. കോൺഗ്രസ് ആവശ്യപ്പെട്ടിരുന്ന പുരുളിയ, ബാഷിഹട്ട് മണ്ഡലങ്ങളിൽ സിപിഎം ഘടകകക്ഷികൾക്ക് സീറ്റ് നൽകിയതാണ് പിസിസിയെ ചൊടിപ്പിച്ചത്. സിപിഐയ്ക്കും ഫോർവേഡ് ബ്ലോക്കിനുമാണ് ഈ സീറ്റുകൾ സിപിഎം നൽകിയത്.
പ്രാഥമിക ധാരണകൾ പോലും കാറ്റിൽപ്പറത്താനാണ് സിപിഎമ്മിന്റെ ഭാവമെങ്കിൽ സഖ്യം വേണ്ടന്നാണ് കോൺഗ്രസ് നിലപാട്. സീറ്റുകൾ വീതം വച്ചതിനെ ചൊല്ലി ഇനിയൊരു ചർച്ചയ്ക്കു സന്നദ്ധമല്ലെന്ന് സിപിഎമ്മും കടുപ്പിച്ചു തന്നെയാണ്. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശമനുസരിച്ചു മുന്നോട്ട് പോകാനാണ് പിസിസിയുടെ തീരുമാനം.