അയ്യപ്പപണിക്കര്‍ക്ക് സരസ്വതി സമ്മാന്‍

Webdunia
2006 ഫെബ്രുവരി 17

ഇന്ത്യന്‍ സാഹിത്യത്തിലെ സമുന്നത പുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാന് മലയാള കവി കെ.അയ്യപ്പപണിക്കര്‍ അര്‍ഹനായി. അയ്യപ്പപണിക്കരുടെ കൃതികള്‍ എന്ന പുസ്തകത്തിനാണ് പുരസ്കാരം. സരസ്വതി സമ്മാന്‍ നേടുന്ന രണ്ടാമത്തെ മലയാളിയാണ് അയ്യപ്പ പണിക്കര്‍.

1990 മുതല്‍ 98 വരെയുള്ള അയ്യപ്പപണിക്കരുടെ സൃഷ്ടികളാണ് അയ്യപ്പപണിക്കരുടെ കൃതികള്‍ എന്ന പുസ്തകത്തിലുള്ളത്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ.കെ.ബിര്‍ള ഫൗണ്ടേഷനാണ് ഇത് നല്‍കുന്നത്. 1995ല്‍ ബാലാമണിയമ്മയ്ക്ക് ഈ അവാര്‍ഡ് ലഭിച്ചിരുന്നു. അതിനുശേഷം ഇത് ആദ്യമായാണ് ഒരു മലയാളി ഈ പുരസ്കാരം നേടുന്നത്.

മലയാള കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരനാണ് ഡോ.കെ. അയ്യപ്പപ്പണിക്കര്‍. ചൊല്ലിത്തീരുന്നതിനു മുന്‍പ് ആസ്വാദകനെ കവിതയുടെ ഭാഗമാക്കി മാറ്റുന്ന അയ്യപ്പപ്പണിക്കരുടെ കവിതകള്‍ ചാരുതയാര്‍ന്ന കലാവിരുന്നിന് ഉദാഹരണങ്ങളാണ്.

സമകാലിക ജീവിതാവസ്ഥകളുടെ സംഘര്‍ഷവും സമസ്യകളും കൊത്തിയുടച്ചു കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ മലയാളത്തിന് നല്‍കിയത് നവഭാവുകത്വവും സംവേദനത്തിലെ സാധാരണത്വവുമാണ്.

1930 സെപ്റ്റംബര്‍ 12ന് ആലപ്പുഴ ജില്ലയിലെ കാവാലത്തു ജനിച്ച അയ്യപ്പപ്പണിക്കര്‍ മലബാര്‍ ക്രിസത്യന്‍ കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. അധ്യാപനത്തിലെ ബിരുദാനന്തര പഠനം ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷിലായിരുന്നു. കേരളാ സര്‍വ്വകലാശാലയുടെ ഇംഗ്ളീഷ് വിഭാഗം തലവനായിരുന്നു.

കുരുക്ഷേത്രം, ഗോത്രയാനം, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1951-60, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1981-89, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1960-81 തുടങ്ങിയവ പ്രധാന കൃതികളാണ്.