കേരളത്തിന്‍റെ പൂര വിശേഷം

Webdunia
WD
മലയാളത്തിന്‍റെ ചന്തമാണ് തൃശൂര്‍ പൂരം. വിദേശികളെയും സ്വദേശികളെയും ഒരേപോലെ കേരളത്തിലേക്ക് ആനയിക്കുന്ന പൂരപ്പെരുമ തുടങ്ങിയിട്ട് 200 കൊല്ലമെങ്കിലുമായിട്ടുണ്ടാവും. ശക്തന്‍ തമ്പുരാന്‍റെ കാലത്താണ് ആദ്യപൂരം നടക്കുന്നത്.

വടക്കുന്നാഥന്‍റെ തട്ടകമാണ് തിരു-ശിവ-പേരൂരിന്‍റെ ലോപനാമം വഹിക്കുന്ന തൃശൂര്‍. നഗരമധ്യത്തിലുള്ള വടക്കുനാഥനായ ശിവമൂര്‍ത്തിയെ ദര്‍ശിക്കാന്‍ എന്നും ജനപ്രവാഹമാണ്. പരശുരാമന്‍റെ തപസ്സിനും ഇച്ഛയ്ക്കുമനുസരിച്ച് കേരളത്തില്‍ കുടിപാര്‍ക്കാമെന്ന് ശിവന്‍ തീരുമാനിക്കുകയും, അതിനായി പ്രകൃതിമനോഹരമായ സ്ഥലം അന്വേഷിച്ചപ്പോള്‍, പരശുരാമന്‍ ചൈതന്യപൂര്‍ണ്ണമായ ഒരു സ്ഥലം കാണിച്ച് കൊടുത്ത്, അവിടെ പ്രത്യക്ഷപ്പെടുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ആ ഭൂമിയാണ് പിന്നീട് തൃശൂരായിത്തീര്‍ന്നത്.

കാഴ്ചയുടെ അത്ഭുതാവഹമായ സമ്പന്നതയാണ് തൃശൂര്‍പൂരം. ദേശവാസികള്‍ ഓരോ വര്‍ഷവും പൂരം കഴിയുമ്പോള്‍ അടുത്ത പൂരത്തിനായി കാത്തിരിക്കുന്നു. എരിയുന്ന മെയ്മാസ ചൂടില്‍, അനേക ലക്ഷം ആളുകള്‍ നിറയുന്ന തേക്കിന്‍കാട് മൈതാനിയുടെ കാഴ്ച മാത്രം മതി വര്‍ണ്ണങ്ങളുടെ ഈ വിചിത്ര വിസ്മയം കേരളീയരുടെ ഹൃദയത്തില്‍ എത്രമാത്രം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍. ഇന്ന് "പൂരം' എന്ന വാക്ക് തന്നെ തൃശൂര്‍ പൂരത്തെക്കുറിക്കുന്നതായി മാറിക്കഴിഞ്ഞു.

ഏപ്രില്‍-മെയ് മാസത്തിലാണ് പൂരം തുടങ്ങുന്നത്. അതിനുമെത്രയോ മുമ്പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കും. വിഭവങ്ങളുടെ പുത്തന്‍ കാഴ്ചകളുമായി കൊച്ച് കടകള്‍ എമ്പാടും ഉയരുന്നു. പിന്നീടങ്ങോട്ട് തൃശൂര്‍ ദേശം മുഴുവന്‍ പൂരത്തിന്‍റെ ആഘോഷങ്ങളിലേക്കും അപൂര്‍വതയിലേക്കും കുതിക്കുകയാണ്.