ജീവിതത്തില്‍ ഒരിക്കലെങ്കിലും ചിന്നാര്‍ കാണണം!

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (15:41 IST)
പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികള്‍ക്ക് കാനന സൌന്ദര്യം മനം നിറയെ ആസ്വദിക്കാനും അപൂര്‍വ ജൈവവൈവിധ്യത്തിന് സാക്ഷികളാകാനും അവസരം നല്‍കുന്ന വന്യജീവിസങ്കേതമാണ് മൂന്നാറിന് സമീപമുള്ള ചിന്നാര്‍. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മലയണ്ണാന്‍‌മാരുടെ ആവാസകേന്ദ്രമാണ് ചിന്നാര്‍.
 
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വിഭാഗത്തില്‍പ്പെട്ട 200 മലയണ്ണാന്‍മാരാണ് ലോകത്തില്‍ അവശേഷിച്ചിട്ടുള്ളത്. ഇത്തരം മലയണ്ണാന്‍മാരെ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ചിന്നാറിലേക്ക് വരികയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. 
 
കരിമുത്തിമലയില്‍ നിന്ന് ചിന്നാറിലേക്കുള്ള യാത്രാമധ്യേ ആന‍, കലമാന്‍, സാംബാര്‍, ഹനുമാന്‍ കുരങ്ങ്, മയില്‍ തുടങ്ങിയ ജീവജാലങ്ങളുടെ കൂട്ടങ്ങളെയും സഞ്ചാരികള്‍ക്ക് കാണാനാകും. കാട്ടുപോത്തുകളാണ് ഇവിടെ യഥേഷ്ടമുള്ള മറ്റൊരു വന്യജീവിക്കൂട്ടം.
 
കേരളത്തിലെ മറ്റു വന്യജീവി സങ്കേതങ്ങളെ അപേക്ഷിച്ച് വളരെ കുറവ് മഴ ലഭിക്കുന്ന സ്ഥലമാണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചിന്നാര്‍. വര്‍ഷത്തില്‍ 48 ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ മഴ ലഭിക്കുക. വന്യജീവികള്‍ക്ക് പുറമേ ഇവിടത്തെ സസ്യ വൃക്ഷലതാദികളും സഞ്ചാരികള്‍ക്കുള്ള ഒരപൂര്‍വ്വ കാഴ്ച്ചയാണ്. വരണ്ട കാടുകളും ഉയര്‍ന്ന ചോലകളും നനഞ്ഞ പുല്‍മേടുകളും ചിന്നാറിനെ മനോഹരമാക്കുന്നു.
 
ഇതിന് സമീപമുള്ള മറയൂര്‍ ചന്ദനക്കാടുകള്‍ പടര്‍ത്തുന്ന സുഗന്ധവും ചിന്നാറിലേയ്ക്കുള്ള യാത്രയെ ഒരു പ്രത്യേക അനുഭവമാക്കി മാറ്റും.
 
മൂന്നാറില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് ചിന്നാര്‍. മുന്നാറില്‍ നിന്ന് റോഡ് മാര്‍ഗം മാത്രമാണ് ചിന്നാറിലേക്ക് എത്തിച്ചേരാന്‍ സാധിക്കുക. മൂന്നാറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള എറണാകുളമാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. കൊച്ചി അന്തര്‍ദേശീയ വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.